തിരുവനന്തപുരം: കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20 ) മുതല്‍ തുടര്‍ന്നുള്ള 2-3 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തുലാവര്‍ഷം ഔദ്യോഗിക മായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 84% മഴയും ഒക്ടോബറില്‍ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു.ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31വരെ വരെയുള്ള 92 ദിവസത്തില്‍ ലഭിക്കേണ്ട മഴ 492 മിമീ ആണ്. എന്നാല്‍ ഒക്ടോബര്‍ 17 വരെ കേരളത്തില്‍ ലഭിച്ചത് 412.2 മിമീ മഴയാണ്. ഔദ്യോഗികമായി ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ ലഭിക്കുന്ന മഴ തുലാവര്‍ഷ മഴയായാണ് കണക്കാക്കുക. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തുലാവര്‍ഷ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ലഭിച്ചു കഴിഞ്ഞു.