തിരുവനന്തപുരം: സോളാർ തട്ടിപ്പിൽ മണക്കാട് സ്വദേശിയിൽ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവ്. പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

എന്നാൽ വിവിധ കേസുകളിലായി അഞ്ചു വർഷത്തിലധികം ജയിൽ വാസം അനുഭവിച്ചതിനാൽ ഇനി തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും പിഴ മാത്രം അടച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.

കേസിലെ മറ്റ് പ്രതികളായ ശാലു മേനോൻ, അമ്മ കമലാദേവി എന്നിവർക്കെതിരെ മണക്കാട് സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ നേരത്തെ ബിജു രാധാകൃഷ്ണൻ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു.

തമിഴ്‌നാട്ടിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാനെന്ന വ്യാജേനയാണ് സോളാർ കമ്പനിയുടെ പേരിൽ മണക്കാട് സ്വദേശിയിൽ നിന്നും 75 ലക്ഷം രൂപ ബിജു രാധാകൃഷ്ണൻ തട്ടിയെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് മണക്കാട് സ്വദേശി ബിജു രാധാകൃഷ്ണന് പണം നൽകിയത്.