കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ പരിശോധിക്കുമ്ബോള്‍ വമ്ബന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി. ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും യു.എ.ഇ. കോണ്‍സുലേറ്റിലെ ഉന്നതരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ കസ്റ്റഡിയില്‍ വിട്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

സ്വപ്ന സുരേഷ് കള്ളമൊഴി നല്‍കി ശിവശങ്കറെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി ശിവശങ്കറെ ഏഴാം തീയതി വരെ കസ്റ്റഡിയില്‍ വിട്ടു.

അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. സ്വപ്നയുടെ മൊഴി ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കേസില്‍ മൂന്ന് മാസം കൂടുമ്ബോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മൊഴി ചോര്‍ച്ചയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.