ധാക്ക: ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ നൊവാഖാലിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിലാണ് സംഭവം. അഞ്ഞുറോളം പേര്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറി പൂജാരിയേയും ഭക്തരെയും ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ‘അഞ്ഞൂറോളം പേര്‍ ഗേറ്റ് തകര്‍ത്ത് ക്ഷേത്രത്തിലേക്ക് അതിക്രമിച്ചുകയറുകയും പുരോഹിതന്മാരെയും ഭക്തരെയും ആക്രമിക്കുകയും ചെയ്തു. മുറികള്‍ കൊള്ളയടിച്ചു.’ -ദൃക്‌സാക്ഷി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

‘ജനക്കൂട്ടം ഒരു ഭക്തനെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം മൃതദേഹം കുളത്തില്‍ വലിച്ചെറിഞ്ഞു. പ്രന്ത ചന്ദ്ര ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കുളത്തില്‍ നിന്നെടുത്തത്. ഞങ്ങളുടെ പുരോഹിതരില്‍ ഒരാളായ നിമായ് കൃഷ്ണ ദാസിന് തലയില്‍ ഗുരുതരമായി പരിക്കേറ്റു.ഏകദേശം 30 തുന്നലുകള്‍ ചെയ്യേണ്ടി വന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഗുരുതരമായ അവസ്ഥയിലാണ്’ ‘- ദൃക്‌സാക്ഷി പറഞ്ഞു. ക്ഷേത്ര പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി മോട്ടോര്‍ സൈക്കിളുകള്‍ക്ക് തീയിട്ടു. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നൊയാഖാലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.