റിസര്‍വ് ബാങ്ക് നയ സമിതി യോഗം നാളെ തുടങ്ങാനിരിക്കെ വിലക്കയറ്റം നിയന്ത്രണവിധേയമല്ലാത്തതിനാല്‍ പണ നയ സമിതി ബാങ്കുകള്‍ക്കുള്ള പലിശ നിരക്ക് കുറച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിനാണു തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക. പണലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കാവും ഇത്തവണയും ഊന്നലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബറില്‍ തീരുമാനിച്ചതനുസരിച്ച്‌ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല. പലിശ നിരക്ക് പരിഷ്‌കരിക്കാനാവില്ലെന്ന് സമിതി അംഗം മൃദുല്‍ സഗ്ഗര്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. അതിനാല്‍ പണലഭ്യതാ നയങ്ങള്‍ മാത്രമാകും പ്രഖ്യാപനങ്ങളിലുണ്ടാകുക.

സാമ്ബത്തിക വളര്‍ച്ച നെഗറ്റീവില്‍ തന്നെയാണ് രണ്ടാം പാദത്തിലും തുടരുന്നതെന്നാലും ഞെരുക്കത്തിന്റെ തോത് കാര്യമായി കുറഞ്ഞിട്ടുണ്ട്. സമ്ബദ്വ്യവസ്ഥ കരകയറുന്നതിന്റെ ലക്ഷണങ്ങളുള്ളപ്പോഴും കരുതലോടെയുള്ളതാവണം പ്രതീക്ഷയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം പറഞ്ഞത്. കോവിഡ് നിയന്ത്രണവിധേയമല്ലെന്നതാണ് പ്രധാന കാരണം.

വ്യവസായ മേഖലയിലും ഉണര്‍വിന്റെ സൂചനകള്‍ കാണുന്നുണ്ടെന്ന് പറയാനാകില്ല. വാക്‌സിന്‍ പുറത്തുവരുന്നുവെന്ന വാര്‍ത്തകളിലുള്ള ആശ്വാസം മാത്രമാണ് ഇപ്പോള്‍ പ്രതിഫലിക്കുന്നത്. കോവിഡ് വാക്‌സിന്‍ ലഭ്യതയെ ആശ്രയിച്ചിരിക്കും സാമ്ബത്തിക മേഖലയിലെ അനുകൂല മാറ്റങ്ങളെന്നാണ് പണ നയ സമിതി കഴിഞ്ഞ യോഗത്തില്‍ വിലയിരുത്തിയത്. എന്നാല്‍ വാക്‌സിന്‍ ലഭ്യതയെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത വന്നതോട് കൂടി എങ്ങനെയാണ് പുതിയ സാമ്ബത്തിക നയങ്ങളുടെ വിശകലനമെന്നു പറയാനാകില്ല.