ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസില്‍ പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടി. സിബിഐ അന്വേഷണത്തിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണം സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വെച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ടു.

കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കാണിച്ച നേരത്തേ സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബിഐ അന്വേഷണം ശരി വെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി സിംഗിള്‍ ബഞ്ച് കഴിഞ്ഞ വര്‍ഷമാണ് ഉത്തരവിട്ടത്.

തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ അന്വേഷണം ആരംഭിച്ചതായി സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ആവര്‍ത്തിച്ച ആവശ്യപ്പെട്ടിട്ടും കേസിന്റെ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്നും അതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും സിബിഐ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു