ന്യൂ ഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാണെന്ന മാധ്യമ വാര്‍ത്തകളില്‍ പ്രതികരിച്ച്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുമ്ബോഴായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.

രാജ്യം കല്‍ക്കരി ക്ഷാമം നേരിടുന്നെന്ന തരത്തില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി പറഞ്ഞു.

എല്ലാ വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങളിലും അടുത്ത നാല് ദിവസത്തേക്കുള്ള കല്‍ക്കരി നിലവിലുണ്ടെന്നും വിതരണശൃംഖലയില്‍ തകരാറുകളില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നേരത്തെ ഇറക്കുമതി ചെയ്യേണ്ട കല്‍ക്കരി പ്ലാന്റുകള്‍ 15-20 ദിവസം അടഞ്ഞുകിടന്നത് ഉത്‌പാദനം കുറച്ചു.

ഇത് താത്കാലികം മാത്രമായിരുന്നുവെന്നും, ഇപ്പോള്‍ കല്‍ക്കരി ലഭ്യതയില്‍ യാതൊരു ക്ഷാമവുമില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിലവില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.