കേരളാ സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആനുപാതികമല്ലാത്ത വിധത്തില്‍ പ്രവേശനം അനുവദിച്ചു എന്ന് ആരോപിച്ചുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ കട്ട്-ഓഫ് മാര്‍ക്കുകള്‍ കണക്കാക്കുന്നത് സര്‍വ്വകലാശാലയുടെ പ്രവേശന നയത്തിന് അനുസൃതമായിട്ടാണ് എന്ന് കോടതി വ്യക്തമാക്കി. അക്കാദമിക നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍വ്വകലാശാലയുടെ വിവേചനാധികാരത്തിന് കീഴില്‍ വിടുന്നതാണ് ഉചിതമെന്നും, കോടതിയുടെ ഇടപെടല്‍ കാര്യങ്ങള്‍ മന്ദഗതിയിലാക്കുമെന്നും കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പ്രതീക് ജലന്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി സര്‍വ്വകലാശാലയിലേക്കുള്ള പ്രവേശനത്തിന് വിവിധ ബോര്‍ഡുകളില്‍ നിന്ന് മാര്‍ക്ക് നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സമരായി പരിഗണിച്ചുകൊണ്ടുള്ള ഒരു രീതി ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥിനിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിവിധ ബോര്‍ഡുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ നിര്‍വ്വചിക്കാന്‍ ഒരു ഏകീകൃത സംവിധാനം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം, “കോടതിയെ സംബന്ധിച്ചിടത്തോളം ഇത് നയപരമായ ഒരു വിഷയമാണ്. എന്താണ് കട്ട്-ഓഫ് മാര്‍ക്കുകളുടെ അടിസ്ഥാനമെന്ന് എങ്ങനെയാണ് ഞങ്ങള്‍ നിര്‍ണ്ണയിക്കുക? എങ്ങനെയാണ് ചില ബോര്‍ഡുകളിലേത് ഉയര്‍ന്ന മാര്‍ക്കും, മറ്റു ചില ബോര്‍ഡുകളിലേത് കുറഞ്ഞ മാര്‍ക്കുമാണെന്ന് നമുക്ക് പറയാന്‍ സാധിക്കുക? ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല”, ജഡ്ജി പറഞ്ഞു.

“ഹര്‍ജിക്കാരന്റെ പരാതിക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതിയ്ക്ക് സാധിക്കുമെന്ന് കരുതുന്നില്ല. അത് സര്‍വകലാശാലയുടെ നയപരമായ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്നും ഞങ്ങള്‍ കരുതുന്നു,” കോടതി കൂട്ടിച്ചേര്‍ത്തു. 12ആം ക്ലാസില്‍ 98 ശമാനം മാര്‍ക്ക് കരസ്ഥമാക്കാന്‍ സാധിച്ചിട്ടും, താന്‍ ആഗ്രഹിച്ച കോളേജില്‍ ആഗ്രഹിച്ച വിഷയത്തില്‍ സീറ്റ് നേടാന്‍ ഹര്‍ജിക്കാരിയ്ക്ക് സാധിച്ചില്ല. “അത്തരമൊരു അവസ്ഥ നാം അംഗീകരിക്കാന്‍ തയ്യാറാകണം. അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല… നിങ്ങള്‍ക്ക് തീര്‍ച്ചയായും മറ്റൊരിടത്ത് പ്രവേശനം ലഭിക്കും. ഇന്ത്യയിലുടനീളം ധാരാളം മികച്ച കോളേജുകളും സര്‍വ്വകലാശാലകളും ഉണ്ട്” വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ വിചാരണയ്ക്കിടയില്‍ ഹര്‍ജിക്കാരിയായ ഗുണീഷ അഗര്‍വാളിനോട് ജഡ്ജി പറഞ്ഞു.

സര്‍വ്വകലാശാലയുടെ ആദ്യ കട്ട് ഓഫ് ലിസ്റ്റില്‍ പ്രവേശനം നേടിയ 49 ശതമാനം വിദ്യാര്‍ത്ഥികളും കേരളാ സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു. സിബിഎസ്‌ഇ, ഐഎസ്‌സി ബോര്‍ഡുകളില്‍ നിന്ന് എന്നിവയില്‍ നിന്ന് യഥാക്രമം 13.6, 14.80 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അഡ്മിഷന്‍ ലഭിച്ചതെന്ന് ഹര്‍ജിക്കാരിയെ പ്രതിനിധീകരിച്ച്‌ അഭിഭാഷകരായ വിപുല്‍ ഗന്ധയും അനിരുദ്ധ് ശര്‍മ്മയും അവകാശപ്പെട്ടു. ആദ്യ കട്ട് ഓഫില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍ 27 ശതമാനവും രാജസ്ഥാന്‍ സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ളവരാണെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

കേരള ബോര്‍ഡില്‍ 11, 12 ക്‌ളാസുകളിലെ മാര്‍ക്കുകള്‍ ഒന്നിച്ച്‌ പരിഗണിക്കുന്നത് അവിടെ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമല്ലാത്ത വിധം പ്രവേശനം ലഭിക്കുന്നതിലേക്ക് നയിക്കുന്നതായി ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേരള സംസ്ഥാന പരീക്ഷാ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരീക്ഷ എഴുതിയ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും പരമാവധി 100 ശതമാനം മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നു പ്രസ്താവിച്ച അഭിഭാഷകന്‍, കേരള സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള 6000 വിദ്യാര്‍ത്ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ടെന്നും തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ അറിയിച്ചു. അതുപോലെ, മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷാ ബോര്‍ഡുകളും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കുന്നതിന് അവരുടേതായ സംവിധാനം സ്വീകരിച്ചു എന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

“ഞാന്‍ സിബിഎസ്‌ഇ ബോര്‍ഡില്‍ നിന്നാണ് 12ആം ക്ലാസ് പൂര്‍ത്തിയാക്കിയത് എന്ന വസ്തുത എന്നെയിപ്പോള്‍ പ്രതികൂല അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. . . പെട്ടെന്ന് ഈ വര്‍ഷം മറ്റ് ബോര്‍ഡുകളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മിടുക്കരായിത്തീര്‍ന്നു,” ഹര്‍ജിക്കാരെ പ്രതിനിധീകരിച്ച്‌ കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭിഭാഷകര്‍ പറയുന്നു.

ചില സംസ്ഥാന ബോര്‍ഡുകള്‍ മൂല്യനിര്‍ണയത്തിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ശരാശരി മാര്‍ക്കുകളില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകാം. എന്നാല്‍ ഈ കാരണങ്ങള്‍, കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു. അക്കാദമിക നയങ്ങളില്‍ ഒരു റിട്ട് കോടതിയുടെ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുമെന്ന് സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ വ്യക്തമാക്കുന്നു എന്ന വസ്തുത ഹൈക്കോടതി ശരിവെച്ചു.

പ്രവേശന പ്രക്രിയയുടെ ഭാഗമായി ഏത് ബോര്‍ഡാണ് അയഞ്ഞ സമീപനങ്ങള്‍ സ്വീകരിച്ചതെന്ന് നിര്‍വ്വചിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് സാധിക്കില്ല എന്ന് സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം രൂപാല്‍ പ്രസ്താവിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ (ഒരു പ്രത്യേക ബോര്‍ഡിന്റെ) കൂടുതല്‍ മാര്‍ക്ക് നേടുകയാണെങ്കില്‍ ഒരു കേന്ദ്ര സര്‍വ്വകലാശാല എന്ന നിലയില്‍, ഞങ്ങള്‍ക്ക് അവരെ നഷ്ടപ്പെടുത്താനാകില്ല, എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ബോര്‍ഡുകളും നല്‍കുന്ന മാര്‍ക്കുകള്‍ തുല്യമായി പരിഗണിക്കുന്ന വിധത്തിലുള്ള ഡല്‍ഹി സര്‍വ്വകലാശാലയുടെ നയം റദ്ദാക്കാന്‍ ഒരു നിര്‍ദ്ദേശം കോടതി മുന്നോട്ട് വെയ്ക്കണമെന്ന് ഹരജിക്കാരി തന്റെ ഹര്‍ജിയില്‍ അപേക്ഷിച്ചു. നിലവിലെ സര്‍വ്വകലാശാലാ ഭരണസമിതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായി പരിഗണന ലഭിക്കുന്ന അവസരം സൃഷ്ടിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി തന്റെ അപേക്ഷ സമര്‍പ്പിച്ചത്.

ഡല്‍ഹി സര്‍വകലാശാലയിലേക്കുള്ള പ്രവേശനത്തിനായുള്ള മൂന്നാം കട്ട്‌ഓഫ് ലിസ്റ്റ് 2021 ഒക്ടോബര്‍ 16-ന് പ്രസിദ്ധീകരിക്കും. ഈ മൂന്നാമത്തെ പട്ടികയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനം ഒക്ടോബര്‍ 18 ന് ആരംഭിച്ച്‌ ഒക്ടോബര്‍ 21 വരെ തുടരുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. മിറാന്‍ഡ ഹൗസ്, ഹിന്ദു കോളേജ്, രാംജാസ് കോളേജ് തുടങ്ങിയ മുന്‍നിര കോളേജുകളില്‍ മൂന്നാം കട്ട് ഓഫ് 90 ശതമാനത്തിന് മുകളില്‍ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.