കൊച്ചി:ശബരിമലയില്‍ ദര്‍ശനത്തിനുള്ള വെര്‍ച്ച്‌വല്‍ ക്യൂ സംവിധാധം പൊലീസിന്‍്റെ നിയന്ത്രണത്തില്‍തന്നെ നിലനിര്‍ത്തണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വെര്‍ച്ച്‌വല്‍ ക്യൂവിന്‍്റെ പ്രവര്‍ത്തനം സംബന്ധിച്ച ദേവസ്വം സ്പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ടിലാണ്
സര്‍ക്കാര്‍ നിലപാടറിയിച്ചത്.

വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ജസ്റ്റീസുമാരായ അനില്‍ നരേന്ദ്രനും കെബാബുവുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദേശം
നല്‍കി. 2011 മുതല്‍ വെര്‍ച്ച്‌വല്‍ ക്യൂ സംവിധാനം നിലവിലുണ്ടെന്നും ഇതുവരെ പരാതിയില്ലെന്നും 80 ലക്ഷം ഭക്തര്‍ സേവനം ഉപയോഗിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍ അറിയിച്ചു.

2019 ല്‍ ടാറ്റാ കണ്‍സല്‍ട്ടന്‍സിയുടെ സഹായത്തോടെ നവീകരിച്ചുവെന്നും തിരക്ക് നിയന്ത്രണത്തിന് സംവിധാനം ഫലപ്രദമാണന്നും വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ നിയന്ത്രണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഓണ്‍ലൈന്‍ സേവനങ്ങളുടെ അവകാശം ട്രസ്റ്റി എന്ന നിലയില്‍ ബോര്‍ഡിനാണെന്നും ഗുരുവായൂര്‍, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിയന്ത്രണം ബോര്‍ഡുകള്‍ക്കാണെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ അറിയിച്ചു.