മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് ജാമ്യഹര്‍ജിയെ എതിര്‍ത്ത് മുംബൈ പ്രത്യേക കോടതിയില്‍ ഹാജരാവുക.

മയക്കുമരുന്ന് കടത്തിയെന്ന ആരോപണം അസംബന്ധമാണെന്ന് അഡ്വ. അമിത് ദേശായി കോടതിയില്‍ പറഞ്ഞു. പരിശോധന നടക്കുമ്ബോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ചെക്-ഇന്‍ ചെയ്തിട്ടുപോലും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുകയോ ആര്യന്‍ ഖാന്‍റെ കയ്യില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. തീര്‍ത്തും തെറ്റായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയര്‍ത്തുന്നത്.

ആര്യന്‍ ഖാന്‍ കൈയില്‍ പണം കരുതിയിരുന്നില്ല. അതിനാല്‍ തന്നെ ലഹരിമരുന്ന് വാങ്ങാന്‍ കഴിയുമായിരുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.എന്നാല്‍, സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്‍റില്‍ നിന്ന് പിടികൂടിയ ചരസ് ഉപയോഗിക്കുമായിരുന്നെന്ന് ആര്യന്‍ ഖാന്‍ സമ്മതിച്ചതായി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ അറിയിച്ചു. എന്നാല്‍, ബലപ്രയോഗത്തിലൂടെയാണ് ഇത്തരമൊരു കുറ്റസമ്മതം നടത്തിയതെന്ന് ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ പറഞ്ഞു.