ന്യൂഡൽഹി: ഈ മാസം യുഎഇയിലും ഒമാനിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്ടാവാകാൻ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഒരു ഫീസും ഈടാക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒക്ടോബർ 17ന് ആരംഭിക്കുന്ന മത്സരത്തിലേയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോളാണ് മുൻ നായകനെ ബിസിസിഐ ഉപദേശകനായി കൊണ്ടുവന്നത്.

‘ഇന്ത്യൻ ടീമിനു വേണ്ടി ഉപദേഷ്ടാവാകുമ്പോൾ ധോണി ഫീസ് വാങ്ങില്ല’ സൗരവ് ഗാംഗുലി പറഞ്ഞു.

ധോണിയുടെ കഴിവും, ഏത് പന്തും നിഷ്പ്രയാസം നേരിടാനുള്ള പ്രാപ്തിയുമാണ് അദ്ദേഹത്തെ ഈ പദവിയ്‌ക്ക് അർഹനാക്കിയത്. കൂടാതെ നാൽപ്പതാം വയസ്സിലും കളിയുടെ ഊർജ്ജം ഒട്ടം ചോരാതെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ധോണി ഫൈനലിലേയ്‌ക്ക് എത്തിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചിത്. 2019ലെ ലോകകപ്പിൽ ഇന്ത്യ ന്യൂസിലാന്റിനോട് പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ നായകന്മാരിൽ ഒരാളായിരുന്നു മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് ക്യാപാറ്റൻ കൂളിന്റെ വിരമിക്കൽ പ്രസ്താവന അറിഞ്ഞ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ഞെട്ടിയിരുന്നു.