ഇസ്ലാമാബാദ്: ദക്ഷിണ ഏഷ്യയിൽ സമാധാനം നിലനിർത്തണമെങ്കിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീർ വിഷയം പരിഹരിക്കണമെന്ന് പാക് വിദേശകാര്യമന്ത്രി മുഹമ്മദ് ഖുറേഷി. ഏഷ്യയിലെ കോൺഫറൻസ് ഓൺ ഇന്ററാക്ഷൻ ആന്റ് കോൺഫിഡൻസ് ബിൽഡിംഗിംഗ് മെഷേഴ്‌സിന്റെ (സിഐസിഎ) ആറാമത് മന്ത്രിസഭ യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പാക് മന്ത്രിയുടെ പരാമർശം.

യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾക്കും കശ്മീരിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കും അംഗീകാരം നൽകണം. ഇന്ത്യയ്‌ക്കും പാകിസ്താനുമിടയിലുള്ള കശ്മീർ വിഷയം പരിഹിരിക്കാതെ ദക്ഷിണ ഏഷ്യയിൽ സമാധാനാന്തരീക്ഷം നിലനിൽക്കില്ലെന്നും ഖുറേഷി വ്യക്തമാക്കി.

കാലങ്ങളായി യുദ്ധങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പ്രത്യാഘാതങ്ങൾക്ക് ഇരയായി മാറിയ അഫ്ഗാനിസ്ഥാനിൽ സ്ഥിരതയും വികസനവും ഉറപ്പുവരുത്തണമെന്നും ഖുറേഷി ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഏഷ്യയിൽ സമാധാനവും വികസനവും സുരക്ഷയും നിലനിർത്തുന്നതിൽ സിഐസിഎ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും പാക് മന്ത്രി കൂട്ടിച്ചേർത്തു.

കശ്മീർ വിഷയത്തിൽ ഒത്തുതീർപ്പ് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെയും പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പാകിസ്താൻ ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇന്ത്യയുടെ പ്രത്യാക്രമണം വർദ്ധിച്ചിരിക്കുകയാണ്. ഇതിനെതിരെ ചെറുത്തുനിൽക്കാൻ ശേഷി ഇല്ലാതായതോടെയാണ് വിഷയത്തിൽ പാകിസ്താൻ എതിർപ്പ് പ്രകടിപ്പിക്കാൻ ആരംഭിച്ചത്.