മലപ്പുറം: മാപ്പിളപ്പാട്ടു ഗായകൻ വിഎം കുട്ടി അന്തരിച്ചു.. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കല്യാണ പന്തലുകളിൽ മാത്രം ഒതുങ്ങി നിന്ന മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മാപ്പിളപ്പാട്ട് ഗായകനാണ് വിഎം കുട്ടി. പൊതുവേദിയിൽ ആദ്യമായി മാപ്പിളപ്പാട്ട് ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്. കേരളത്തിൽ സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയതിന് പിന്നിലും വിഎം കുട്ടി എന്ന കലാകാനായിരുന്നു.

ഇന്ത്യയിൽ കൂടാതെ ഗൾഫ് നാടുകളിലും വിഎം കുട്ടിയ്‌ക്ക് ഏറെ ആസ്വാദകര് ഉണ്ടായിരുന്നു. 1987 ൽ കവരത്തി സന്ദർശിക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നിൽ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചുമാണ് വിഎം കുട്ടി ശ്രദ്ധ നേടിയത്.

നിരവധി മലയാള സിനിമകളിലും അദ്ദേഹം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീർ മാല, ഭക്തി ഗീതങ്ങൾ, മാനവമൈത്രി ഗാനങ്ങൾ, കുരുതികുഞ്ഞ് എന്നിവയാണ് പ്രധാന കൃതികൾ. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് കൂടിയാണ് വിഎം കുട്ടി.