ന്യൂഡൽഹി: ഗതിശക്തി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാജ്യതലസ്ഥാനത്തെ പ്രഗതി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ മാസ്റ്റർ പ്ലാനാണ് അവതരിപ്പിക്കുന്നത്.

ഇന്ത്യയെ മുഴുവൻ ബന്ധിപ്പിക്കുന്ന ഗതാഗത-വാണിജ്യസഞ്ചാരപാത-വാർത്താവിതരണ പദ്ധതിയാണ് ഗതിശക്തി. 2024-25 വർഷത്തോടെ അടിസ്ഥാന സൗകര്യവികസനത്തിലും എല്ലാ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്ന വിവിധ വകുപ്പുകളുടെ ഏകോപനമാണ് പൂർത്തീകരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യയിലെ വാണിജ്യ വികസനത്തിനായി എല്ലാ മേഖലകളിലെ പ്രവർത്തനങ്ങളും കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

ഇന്ത്യയുടെ ഭാവിക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണ് ഗതിശക്തി. ഇതിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുകയും വ്യാപാര മേഖലയ്‌ക്ക് കൂടുതൽ ഉണർവും നൽകുന്നു.

രണ്ട് ലക്ഷം കിലോ മീറ്റർ ദേശീയ പാതയുടെ വികസനം, 16 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യുന്ന തീവണ്ടികൾ, ഗ്യാസ്‌പൈപ്പ് ലൈൻ ഇരട്ടിപ്പിച്ച് 35,000 കിലോമീറ്റർ ആക്കൽ, 220 വിമാനത്താവളങ്ങളും എയർസ്ട്രിപ്പുകളും, പതിനൊന്ന് വ്യവസായ ഇടനാഴികളിലൂടെ 25000 ഏക്കർ പ്രദേശത്തെ വികസനം, പ്രതിരോധ രംഗത്ത് 1.7 ദശലക്ഷം കോടിയുടെ വിറ്റുവരവ്,38 ഇലട്രോണിക്‌സ് നിർമ്മാണ ക്ലസ്റ്ററുകൾ, 109 മരുന്നുനിർമ്മാണ ക്ലസ്റ്ററുകൾ എന്നിവയാണ് പദ്ധതിയുടെ പ്രഥമഘട്ടത്തിൽ പ്രഖ്യാപിക്കുക.

ഗതിശക്തി മാസ്റ്റർ പ്ലാൻ സമർപ്പിക്കുന്ന വേളയിൽ പ്രഗതി മൈതാത്ത് സ്ഥാപിച്ച പുതിയ പ്രദർശന സമുച്ചയത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ 2014-15 വർഷത്തെ നേട്ടങ്ങൾ, 2021-21 വരെയുള്ള മുന്നേറ്റങ്ങൾ, 2024-25 വരെയുള്ള ആസൂത്രണങ്ങൾ എന്നീവയും പ്രധാനമന്ത്രി അവതരിപ്പിക്കും.