ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ ഇടങ്ങളിലായി ദേശീയ സുരക്ഷാ ഏജൻസി(എൻഐഎ) നടത്തിയ റെയ്ഡിൽ നാല് ഭീകരർ പിടിയിൽ. ജെയ്‌ഷെ മുഹമ്മദ് അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫോഴ്‌സിലെ(ടിആർഎഫ്) നാല് ഭീകരരാണ് പിടിയിലായത്.

കശ്മീരിൽ ന്യൂനക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് എൻഐഎ വ്യാപക റെയ്ഡ് നടത്തിയത്. ഷോപ്പിയാൻ, പുൽവാമ, ശ്രീനഗർ ഉൾപ്പെടെ 16 ഇടങ്ങളിലാണ് പരിശോധന നടന്നത്. റെയ്ഡിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഭീകരരാണെന്ന് വ്യക്തമായത്. ഉത്സവകാലത്ത് രാജ്യത്തെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു എന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

കശ്മീരിൽ നിന്ന് ഞായറാഴ്ച രണ്ട് ഭീകരരെ പിടികൂടിയിരുന്നു. ബാറാമുള്ള സ്വദേശി തൗസീൻ അഹമ്മദ് വാനി, അനന്ത്‌നാഗ് സ്വദേശിയായ ഫൈസ് അഹമ്മദ് ഖാൻ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ടിആർഎഫിന് വേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നത് എന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.