തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ മഴയ്‌ക്ക് നേരിയ ആശ്വാസം. എന്നാൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട.

അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ട് ദിവസം കൂടി തുടരും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

വടക്കൻ കേരളത്തിൽ മഴക്ക് ശമനമുണ്ടായിട്ടുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ ഒഴിഞ്ഞു തുടങ്ങി. കോഴിക്കോട് എവിടെയും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല ജില്ലയിൽ നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.

മലപ്പുറത്ത് ഇപ്പോൾ ചില ഭാഗങ്ങളിൽ നേരിയ മഴ മാത്രമാണുള്ളത്. പാലക്കാട് മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. വയനാട്ടിൽ മഴയെ തുടർന്ന് കാര്യമായ പ്രശ്‌നങ്ങൾ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.