തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികളുടെ ഹര്‍ജിയാണ് തള്ളിയത്. ആറ് പ്രതികളും നവംബര്‍ 22ന് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പായി പ്രതികളെ അന്നേ ദിവസം കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നിര്‍ണ്ണായക വിധി. വി ശിവന്‍കുട്ടിക്ക് പുറമെ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്‍, കെ അജിത്ത് തുടങ്ങിയവരാണ് കേസില്‍ പ്രതികള്‍.

പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളുടെ ആധികാരികതയാണ് പ്രതികള്‍ കോടതിയില്‍ ചോദ്യം ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കപ്പെട്ടുവെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ശരിയല്ലെന്നും ഇവര്‍ ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. സ്പീക്കറുടെ ഡയസില്‍ മറ്റ് നിയമസഭ സാമാജികരും ഉണ്ടായിരുന്നു. എന്നാല്‍ ആറ് പേരെ മാത്രമാണ് പ്രതി ചേര്‍ത്തത്. പോലീസിന്റെ അന്വേഷണം ശരിയായില്ല. വാച്ച് ആന്‍ഡ് വാര്‍ഡുകളെ മാത്രമാണ് സാക്ഷികളാക്കി വച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ ഒരുപാട് അപാകതകളുണ്ട്. അതുകൊണ്ട് കുറ്റപത്രം തള്ളണം എന്ന ആവശ്യമാണ് കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍ ഒരിക്കലും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഈ ആറ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഈ വിടുതല്‍ ഹര്‍ജികള്‍ അംഗീകരിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിയത്. രണ്ടര ലക്ഷം രൂപയുടെ പൊതുമുതലാണ് പ്രതികള്‍ അന്ന് നശിപ്പിച്ചത്.