ന്യൂഡൽഹി: 2009 ജമ്മു ബസ് സ്റ്റാൻഡ് സ്‌ഫോടനത്തിന് പിന്നിൽ പാക് ചാര സംഘടനയായ ഐഎസ്‌ഐ. വെളിപ്പെടുത്തലുകളുമായി ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത പാക് ഭീകരൻ മുഹമ്മദ് അഷ്‌റഫ്. ലക്ഷ്മി നഗറിൽ നിന്നും ചൊവ്വാഴ്‌ച്ചയാണ് ഭീകരൻ പിടിയിലായത്. 2011 ൽ ഡൽഹി ഹൈക്കോടതിക്ക് പുറത്ത് നടന്ന സ്‌ഫോടനങ്ങൾക്ക് മുമ്പ് കോടതി വളപ്പ് സന്ദർശിച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്ത് നൽകിയിട്ടുണ്ടെന്നും പ്രതി വെളിപ്പെടുത്തി. എന്നാൽ ഇയാൾക്ക് സ്‌ഫോടനത്തിൽ പങ്കുണ്ടോ എന്ന കാര്യം ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടില്ല.

2009ൽ 34 പേരുടെ മരണത്തിനു കാരണമായ ജമ്മു ബസ് സ്റ്റാൻഡ് സ്‌ഫോടനം നടന്നത് ഐഎസ്‌ഐ ഓഫീസർ നസീറിന്റെ നിർദേശപ്രകാരമാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്. 2011 ൽ ഡൽഹി ഹൈക്കോടതി സ്‌ഫോടനം നടത്താൻ രണ്ട് പാകിസ്താനികൾ എത്തിയതായും അഷ്‌റഫ് വെളിപ്പെടുത്തി. അവരിൽ ഒരാൾ ഗുലാം സർവാർ എന്നാണ് അറിയപ്പെട്ടിരുന്നത് എന്നും ഭീകരൻ പറഞ്ഞു.

ഇത് കൂടാതെ ജമ്മു കശ്മീരിൽ ഉള്ള ഭീകരർക്ക് രഹസ്യമായി ആയുധങ്ങൾ എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും ഐഎസ്‌ഐ ചാരന്മാരുമായി ഇ-മെയിൽ വഴിയാണ് ഇയാൾ ആശയവിനിമയം നടത്തിയിരുന്നതെന്നും അഷ്‌റഫ് വെളിപ്പെടുത്തി.

2011ൽ, ഐടിഒയിൽ സ്ഥിതിചെയ്യുന്ന പഴയ പോലീസ് ആസ്ഥാനം നിരവധി തവണ ഭീകരൻ സന്ദർശിച്ചിരുന്നു. പക്ഷേ ആളുകളെ പരിസരത്ത് നിർത്താൻ പോലീസ് അനുവദിക്കാത്തതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ പാകിസ്താനിൽ ഉള്ള കൂട്ടാളികൾക്ക് കൈമാറിയിരുന്നതായും ഭീകരൻ വെളിപ്പെടുത്തി. നിലവിൽ, ഡൽഹിയിലെ മറ്റ് സ്‌ഫോടനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നറിയാൻ അന്വേഷണ ഏജൻസികൾ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായാണ് ഡൽഹി പോലീസ് ഭീകരനെ പിടികൂടിയത്. ഒരു എകെ47 റൈഫിൾ, ഒരു ഗ്രനേഡ്, 50 റൗണ്ടിന്റെ രണ്ട് പിസ്റ്റലുകൾ എന്നിവ ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇയാളിൽ നിന്നും പിടികൂടി. ഡൽഹി പോലീസിന്റെ പ്രത്യേക സെൽ നടത്തിയ അന്വേഷണത്തിലാണ് ഭീകരനെ കണ്ടെത്തിയത്. ഒക്ടോബർ എട്ടിനായിരുന്നു ഇയാൾ പോലീസ് പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പാക് പൗരനാണെന്ന് സ്ഥിരീകരിച്ചത്.