ഐപിഎല്‍ പതിനാലാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് നാല് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. ആര്‍സിബിയുടെ തോല്‍വിയേക്കാള്‍ അവരുടെ സൂപ്പര്‍ താരമായ വിരാട് കോഹ്‌ലിയെ ഇനി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് കാണാന്‍ കഴിയില്ലെന്ന നിരാശയിലാണ് ആര്‍സിബിയുടെ ആരാധകര്‍.

ഈ സീസണോടെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്ന കോഹ്‌ലി, ഇന്നലത്തെ തോല്‍വിയോടെ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കിരീടമില്ലാതെയാണ് പടിയിറങ്ങുന്നത്. എന്നാല്‍ നിരാശ പകരുന്ന തോല്‍വിക്കിടയിലും തലയുയര്‍ത്തിയാണ് യുഎഇയില്‍ നിന്നും മടങ്ങുന്നതെന്ന് കോഹ്ലി പറഞ്ഞു. തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ച ട്വീറ്റിലാണ് കോഹ്ലി മനസ്സ് തുറന്നത്.

‘ മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നതില്‍ നിരാശയുണ്ട്. പക്ഷേ സീസണില്‍ ടീമിലെ ഓരോ അംഗവും പുറത്തെടുത്ത പ്രകടനത്തില്‍ അഭിമാനമുണ്ട്. ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും തലയുയര്‍ത്തിയാണ് ഞങ്ങള്‍ മടങ്ങുന്നത്. ഞങ്ങളെ ഇതുവരെ പിന്തുണച്ച ആരാധകര്‍ക്കും ടീം മാനേജ്‌മെന്റിനും ഒരുപാട് നന്ദി’ – കോഹ്ലി കുറിച്ചു.

 

കോഹ്‌ലിയുടെ ട്വീറ്റിന് മറുപടിയുമായി അദ്ദേഹത്തിന്റെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രംഗത്തെത്തിയിരുന്നു. വരുംതലമുറയ്ക്കുള്ള റോള്‍ മോഡലും ടീമിന്റെ വഴികാട്ടിയാണ് കോഹ്ലിയെന്നുമാണ് ആര്‍സിബി മറുപടിയായി കുറിച്ചത്. ഈ സീസണില്‍ കിരീടം നഷ്ടപ്പെട്ടെങ്കിലും അടുത്ത സീസണില്‍ കിരീടം നേടാന്‍ പോരാടുമെന്നും ആര്‍സിബി കൂട്ടിച്ചേര്‍ത്തു.