മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണു അരങ്ങൊഴിഞ്ഞു. ഇന്ന് ഉച്ചയ്ക്കു ശേഷം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു.

അദ്ദേഹം സിനിമയിലെത്തിയതിനു ശേഷം വിശ്രമമില്ലാത്ത അഭിനയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഭിനയിച്ച ചില ചിത്രങ്ങള്‍ തിരശീലയ്ക്ക് മുന്നില്‍ എത്തും മുന്നേയാണ് നെടുമുടി വേണു യാത്രയായിരിക്കുന്നത്.

നെടുമുടി വേണു അഭിനയിച്ച ചിത്രങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സാമൂതിരി എന്ന കരുത്തുറ്റ കഥാപാത്രമായി നെടുമുടി വേണു സ്‌ക്രീനിലേക്ക് എത്തും. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിരുന്നു.

നെടുമുടി വേണു മമ്മൂട്ടിക്ക് ഒപ്പം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് പുഴുവിലാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രമായ ഭീഷ്മപര്‍വത്തിലും മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു അഭിനയിച്ചു.

സന്തോഷ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യര്‍ക്ക് ഒപ്പവും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.