ന്യൂഡല്‍ഹി: വൈദ്യുത പ്രതിസന്ധി​യെ തുടര്‍ന്ന്​ വിവിധ സംസ്ഥാനങ്ങള്‍ ഇരുട്ടിലേക്ക്​ നീങ്ങുന്നതിനിടെ കല്‍ക്കരി ക്ഷാമമില്ലെന്ന്​ ആവര്‍ത്തിച്ച്‌​ കേന്ദ്രസര്‍ക്കാര്‍. റെക്കോര്‍ഡ്​ കല്‍ക്കരിയാണ്​ വിവിധ വൈദ്യുതനിലയങ്ങളിലേക്ക് കഴിഞ്ഞ ദിവസം​ വിതരണം ചെയ്​തതെന്ന്​ കേന്ദ്രമന്ത്രി പ്രഹ്ലാദ്​ ജോഷി പറഞ്ഞു.

1.94 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ്​ കഴിഞ്ഞ ദിവസം വിതരണം ചെയ്​തത്​. ഇത്​ റെക്കോര്‍ഡാണ്​. ജൂണില്‍ തന്നെ കല്‍ക്കരി സ്​റ്റോക്ക്​ ചെയ്യാന്‍ സംസ്ഥാനങ്ങളോട്​ നിര്‍ദേശിച്ചിരുന്നുവെന്നും മന്ത്രി വ്യക്​തമാക്കി. പ്രതിദിനം 1.6 മില്യണ്‍ കല്‍ക്കരി വൈദ്യുതി ഉല്‍പാദകര്‍ക്ക്​ നല്‍കാന്‍ കോള്‍ ഇന്ത്യയോട്​ നിര്‍ദേശിച്ചിട്ടുണ്ട്​. ദുര്‍ഗ പൂജയോട്​ അനുബന്ധിച്ച്‌​ ഉല്‍പാദനം 1.7 മില്യണ്‍ ടണ്ണായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്​​.

മഴയും ഇറക്കുമതി കുറഞ്ഞതുമാണ്​ ​കല്‍ക്കരിക്ഷാമത്തിനുള്ള പ്രധാനകാരണം. ആശങ്കപ്പെടേണ്ട കാര്യമില്ല. പ്രതിസന്ധിക്ക്​ ഉടന്‍ പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കല്‍ക്കരി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും യോഗം വിളിച്ചിരുന്നു.