ഇടുക്കി: പവര്‍ക്കട്ടില്ലാത്ത കേരളത്തെ വാര്‍ത്തെടുത്തതിന് പിന്നില്‍ മോദി സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികള്‍. കഴിഞ്ഞ ആറ് വര്‍ഷമായി പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമായി ഇടതുചേരി ഉയര്‍ത്തിക്കാട്ടുന്നത് ഈ വിഷയമാണ്. അതേസമയം, പിണറായി വിജയന്‍ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്തിന് കാര്യമായ ഗുണം ലഭിക്കുന്ന ഒരു വൈദ്യുത പദ്ധതിയും നടപ്പാക്കിയിട്ടില്ല. എന്നാല്‍ വൈദ്യുതി മിച്ച രാജ്യമായി ഇന്ത്യയെ മാറ്റിയത് മോദി സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ്.

ഗ്രാമങ്ങളിലെ സമ്ബൂര്‍ണ വൈദ്യുതീകരണം, വൈദ്യുതി ഉപഭോഗം കുറഞ്ഞ എല്‍ഇഡി ബള്‍ബുകളിലേക്കുള്ള രാജ്യത്തിന്റെ മാറ്റം, ഉയര്‍ന്ന ശേഷിയും വൈദ്യുതി പ്രസരണ നഷ്ടവും കുറഞ്ഞ പവര്‍ ഗ്രിഡ്ഡുകള്‍, ഭൂഗര്‍ഭ 11-33 കെവി ലൈനുകള്‍, പുരപ്പുറ സോളാര്‍, പിഎം കുസും (രണ്ടും സോളാര്‍ പദ്ധതികള്‍) തുടങ്ങി നിരവധി പദ്ധതികളാണ് കേന്ദ്രം ഇതിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയത്. എന്നാല്‍ ഇതെല്ലാം കേരളത്തിലെത്തിയപ്പോള്‍ പിണറായി സര്‍ക്കാര്‍ സ്വന്തം പദ്ധതികളാക്കി മാറ്റി.

ഒരു വര്‍ഷം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 69 ശതമാനം പുറത്ത് നിന്നെത്തിക്കുന്ന കേരളത്തില്‍ പവര്‍കട്ട് ഉണ്ടാകാതിരുന്നതിന് പിന്നില്‍ ഈ പദ്ധതികളാണ് പിടിവള്ളിയായത്. 8000 കോടിയുടെ വൈദ്യുതിയാണ് ഒരു വര്‍ഷം കേരളം പുറത്ത് നിന്ന് എത്തിക്കുന്നത്.വേനല്‍ക്കാലത്ത് പോലും താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചതിനാല്‍ പവര്‍ക്കട്ട് ഇല്ലാതെയായി. രാജ്യത്ത് 36 കോടി എല്‍ഇഡി ബള്‍ബുകള്‍ കേന്ദ്രം ഇതുവരെ വിതരണം ചെയ്തു, 1.25 കോടി വഴിവിളക്കുകള്‍ എല്‍ഇഡിയാക്കി, നൂറ് ശതമാനം ഗ്രാമങ്ങളിലും വൈദ്യുതിയെത്തിച്ചു. ഈ മാറ്റത്തിനൊപ്പം ജനങ്ങളും സ്വയം എല്‍ഇഡിയിലേക്ക് മാറിയത് വലിയ തോതില്‍ വൈദ്യുതി ഉപഭോഗം കുറയാന്‍ കാരണമായി.

ഇപ്പോഴും പകല്‍ സമയത്ത് രാജ്യത്ത് വൈദ്യുതി മിച്ചമാണ്. അതിശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് ഖനികളില്‍ വെള്ളം കയറിയതിനാല്‍ കല്‍ക്കരി ഖനനം നിലച്ചതാണ് നിലവിലെ ചെറിയ പ്രതിസന്ധിക്ക് കാരണമായത്. ഇത് മറിക്കടക്കാന്‍ ശ്രമം നടക്കുമ്ബോഴും എല്ലാ പ്രശ്‌നവും കേന്ദ്രത്തിന്റെ തലയില്‍ ചാരി തടിയൂരുകയാണ് സംസ്ഥാനം.