ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 97 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കുത്തിവെയ്പ്പിന് ഉപയോഗിക്കാത്ത എട്ട് കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതിനോടകം രാജ്യത്ത് 95.8 കോടി വാക്‌സിന്‍ ഡോസുകളാണ് ആളുകള്‍ സ്വീകരിച്ചിട്ടുള്ളത്. ജനുവരി 16ന് തുടങ്ങിയ രാജ്യവ്യാപക കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ള 70 ശതമാനത്തിലധികം പേര്‍ വാക്‌സിനേഷന്‍ നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്ത് പ്രതിരോധ കുത്തിവെയ്പ്പില്‍ ഇന്ത്യ വീണ്ടും നാഴിക കല്ലുകള്‍ പിന്നിടുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി.