ലക്‌നൗ: സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്ക് കർശന ശിക്ഷ നൽകി മാതൃകയായി ഉത്തർപ്രദേശ്. സ്ത്രീകൾക്കെതിരെ അക്രമം നടത്തിയ 23 പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനായി ശക്തമായ തെളിവുകളാണ് പ്രതികൾക്കെതിരെ സർക്കാർ കോടതിയിൽ ഹാജരാക്കിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതികൾക്ക് ശിക്ഷ നൽകിയത്.

ഒക്ടോബർ 19, 20 തീയതികളിലാണ് 23 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി സർക്കാർ ആരംഭിച്ച മിഷൻ ശക്തി പദ്ധതിയ്ക്ക് കീഴിൽ പ്രതികൾക്ക് ശിക്ഷ നടപ്പിലാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും അതിക്രമം നടത്തിയതിന് 31 പ്രതികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷന് സാധിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഒക്ടോബർ 17 നാണ് മിഷൻ ശക്തി പദ്ധതിയ്ക്ക് യോഗി സർക്കാർ തുടക്കം കുറിച്ചത്. ആറു മാസമാണ് പദ്ധതിയുടെ കാലാവധി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.