തിരുവനന്തപുരം: ഗോമതി അമ്മ വധക്കേസില്‍ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഭാര്യ ഗോമതിഅമ്മയെ (58) മേശയുടെ കാല്‍ കൊണ്ട് തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതി ജഡ്‌ജി സി ജെ ഡെന്നി വിധി പറഞ്ഞത്. പേരൂര്‍ക്കട മണ്ണാമൂല രേവതിയില്‍ ബാലകൃഷ്‌ണന്‍ നായരാണ് ശിക്ഷിക്കപ്പെട്ടത്.

2018 ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. വീട്ടിലെ ഉരുളി കാണാതായതിനെ സംബന്ധിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്‌ത്രങ്ങളും വീട്ടു വളപ്പില്‍ കുഴിച്ചിട്ടു. ഉച്ച ഭക്ഷണം കഴിച്ച ശേഷം വീടും പൂട്ടി പ്രതി പോയി.

മകനും മരുമകളും വീടിന്റെ മുകളിലത്തെ നിലയിലാണ് താമസിച്ചത്. ജോലി കഴിഞ്ഞ് മടങ്ങി വന്ന മരുമകള്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ടെങ്കിലും ഗോമതിഅമ്മ അമ്ബലത്തില്‍ പോയെന്ന് വിചാരിച്ചു.

പ്രതി വര്‍ക്കലയില്‍ ഉള്ള തന്റെ സഹോദരിയുടെ വീട്ടില്‍ ചെന്ന് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് മകനെ വിവരമറിയിക്കുകയും ഇവര്‍ വീട്ടില്‍ കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗോമതിഅമ്മയെ കണ്ടത്.

വര്‍ഷങ്ങളായി സ്വരചേര്‍ച്ചയില്ലാതെ കഴിഞ്ഞിരുന്ന ബാലകൃഷ്‌ണന്‍ നായര്‍ നിരവധി തവണ ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇരുമ്ബ് കമ്ബികൊണ്ട് നിരവധി തവണ അടിക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്‌തിരുന്നു.

58ാം വയസിലും ഗോമതി അമ്മയെ ഭര്‍ത്താവിന് സംശയമായിരുന്നു എന്ന് അയല്‍വാസി മൊഴി നല്‍കിയിരുന്നു.

പ്രതിയുടെ ഉപദ്രവം കാരണം മക്കളോടൊപ്പം താമസിച്ചിരുന്ന ഗോമതി അമ്മയെ പ്രതി കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഇവര്‍ താമസിക്കുന്ന വീട്ടില്‍ തിരികെ കൊണ്ടുവന്നതാണെന്നും പറയപ്പെടുന്നു.

40 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും 22 തൊണ്ടി മുതലുകളും വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ ഹാജരാക്കി. പേരൂര്‍ക്കട പൊലീസ് അന്വേഷിച്ച കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.