തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 268 കുഴൽപ്പണക്കേസുകൾ. ഇതിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെക്കൻ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നിയമസഭാ രേഖ വ്യക്തമാക്കുന്നു. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് വിവരങ്ങൾ ഉള്ളത്.

നിയമസഭ രേഖകൾ പ്രകാരം 91 കേസുകൾ മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊട്ടു പിറകിൽ മലപ്പുറവുമായി അതിർത്തി പങ്കിടുന്ന പാലക്കാടാണ്. 77 കേസുകളാണ് പാലക്കാട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാട് 46 കേസുകളും കോഴിക്കോട് 36 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂരിൽ ആറു കേസുകളും കാസർഗോഡ് 11 കേസുകളുമാണ് കുഴൽപ്പണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ആകെ ഒരു കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃശൂർ റൂറലിലാണ് ഒരു കേസുള്ളത്. മറ്റ് തെക്കൻ ജില്ലകളിലൊന്നും ഒരു കേസുമില്ല.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 28 കേസുകളാണ്. ഇതിൽ 16 എണ്ണം പാലക്കാടാണ്. മലപ്പുറത്ത് 2 കേസുകളും കാസർഗോഡ് ആറു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള കണക്കുകളാണിത്.