തലശ്ശേരി: കണ്ണൂർ കൂത്ത് പറമ്പിൽ നാഷ്ണൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ റെയ്ഡ്. കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകനായ ടി കെ രാജീവന്റെ വീട്ടിലാണ് എൻഐഎ പരിശോധന നടത്തുന്നത്.

നിരോധിത ഭീകര സംഘടനയുമായുള്ള ബന്ധത്തെ തുടർന്ന് ജയിലിലാണ് ഇയാൾ. പ്രതിയുടെ കൂത്ത്പറമ്പ് ചന്ദ്രശേഖരൻ തെരുവിലെ വീട്ടിലാണ് എൻഐഎ പരിശോധന നടത്തുന്നത്. മുൻപ് പ്രതിയുടെ പാതിരിപ്പാലത്തെ ഭാര്യാവീട്ടിൽ നടത്തിയ പരിശോധനയിൽ മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പിടിച്ചെടുത്തിരുന്നു.

ആയുധ പരിശീലനം, പരേഡ്, ക്ലാസ്, പതാക ഉയർത്തൽ തുടങ്ങിയ കേസുകളിൽപെട്ട് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ കസ്റ്റഡിയിലായിരുന്ന ഇയാളെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം കഴിഞ്ഞ നവംബറിലാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചത്.

നിരോധിത കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ശിരുവാണി, നാടുകാണി, ഭവാനി തുങ്ങിയ ഇടങ്ങളിൽ ഭീകരസംഘടനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി പ്രവർത്തകർ ആയുധ പരിശീലനം, പരേഡ്, ക്ലാസ്, പതാക ഉയർത്തൽ എന്നിവ നടത്തിയിരുന്നു. ഈ കേസിൽ 25ാം പ്രതിയാണ് രാജീവൻ.2002 ൽ പനമരം സഹകരണ ബാങ്ക് ആക്രമിച്ച് ഫയലുകൾ കത്തിച്ച കേസിലെ പ്രതികൂടിയാണു ഇയാൾ.