ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി ബാംഗ്ലൂരിന്റെ നായകനായി വിരാട് കോഹ്‌ലി കളത്തിലിറങ്ങില്ല. ഇന്നലെ നടന്ന പ്ലേ ഓഫിൽ കൊൽക്കത്തയോട് അവസാന ഓവറിൽ തോറ്റതോടെയാണ് നായകനെന്ന നിലയിലെ തന്റെ അവസാന സീസണിന് തിരശ്ശീല ഇട്ടത്. തോൽവിയുടെ നിരാശയിലാണ് വിരാട് കോഹ്‌ലി റോയൽ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനത്തുനിന്നും പടിയിറങ്ങിയത്. ഈ സീസണോടെ ഇനി ടി20 ലീഗിൽ നായകനായി തുടരില്ലെന്ന് വിരാട് മുന്നേ തീരുമാനിച്ചിരുന്നു.

റൺവേട്ടയിലെ രാജാവ്. മുന്നിൽ നിന്ന് നയിക്കുന്ന കരുത്തൻ. 2008ൽ ടീമിനൊപ്പം. 2011ൽ വൈസ് ക്യാപ്റ്റനും 2013ൽ ക്യാപ്റ്റനും ഈ നിലയിലാണ് വിരാട് ഐ.പി.എല്ലിൽ ഒരു ടീമിനൊപ്പം നിലയുറപ്പിച്ചത്. ഒരു തവണ മാത്രം പക്ഷെ കിരീടം. എന്നാൽ താൻ ടീമിനായി എല്ലാം നൽകിയെന്നാണ് കോഹ്ലി ഇന്നലെ മറുപടിയായി പറഞ്ഞത്. നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും ബാംഗ്ലൂർ ടീമിനെ വിടില്ലെന്നും കോഹ്ലി പറഞ്ഞു.

കൊൽക്കത്തക്കെതിരെ ബാറ്റിംഗിൽ മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന കോഹ്ലിയുടെ പ്രതീക്ഷ പക്ഷെ അഞ്ച് ഓവറുകൾക്കപ്പുറം നീണ്ടില്ല. ആറ് ഓവറുകൾ കഴിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു. അനാവശ്യമായി വിക്കറ്റ് കളഞ്ഞ ദേവ്ദത്ത് പടിക്കൽ പുറത്തായതോടെ മദ്ധ്യനിര തകരുന്നതാണ് ഒരറ്റത്ത് നിലയുറപ്പിച്ച കോഹ്‌ലി കണ്ടത്. ഭരതും, മാക്‌സ്വെല്ലും, ഡിവിലിയേഴ്‌സും, കോഹ്ലിയും സുനിൽ നരെയ്‌ന് മുന്നിൽ വീണതോടെ ബാംഗ്ലൂർ 138ൽ ഒതുങ്ങി.