ന്യൂഡൽഹി: ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളെ ഇന്ന് അഭിസംബോധന ചെയ്യും. പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്ന നരേന്ദ്രമോദി അഫ്ഗാൻ വിഷയത്തിലെ ഇന്ത്യൻ നയം വിശദീകരിക്കുമെന്നാണ് സൂചന.

ആഗോളതലത്തിലെ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയിൽ ഇന്ത്യൻ നയങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി ഏറെ പ്രാധാന്യത്തോടെയാണ് ചർച്ച ചെയ്യുന്നത്. ഐക്യരാഷ്‌ട്രസഭയ്‌ക്ക് മുമ്പാകെ വച്ച റിപ്പോർട്ടിന്റെ തുടർച്ചയായി ദുരിതബാധി തർക്കായുള്ള എല്ലാ സഹായവും ചെയ്യാൻ ഒരുക്കമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വിശദമായ നയപ്രഖ്യാപനം നരേന്ദ്രമോദി ഇന്ന് ജി20 നേതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കും. അഫ്ഗാനിസ്താനിലെ ഭരണമാറ്റവും തുടർന്നുണ്ടായിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

അഫ്ഗാനിൽ എന്നും രാഷ്‌ട്രീയ അസ്ഥിരത പ്രതീക്ഷിക്കണമെന്നും മതമൗലികവാദ ശക്തികൾ ഭരണത്തിലേറിയത് എല്ലാ ഭീകരസംഘടനകൾക്കും സഹായമായെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി കഴിഞ്ഞ മാസം ലോകരാജ്യങ്ങൾക്ക് നൽകിയിരുന്നു. ആഗോള തലത്തിലെ മനുഷ്യരുടെ ദുരിതങ്ങളകറ്റാൻ ജി20 രാജ്യങ്ങളും ഖത്തറും ലോകബാങ്കും ഐക്യരാഷ്‌ട്ര സഭയും ചേർന്നുള്ള നടപടികളാണ് ഇനി തീരുമാനിക്കാനുള്ളത്.

അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ നയങ്ങളോട് ലോകരാജ്യങ്ങൾ മുഖംതിരിച്ചാണ് നിൽക്കുന്നത്. ബ്രിട്ടൻ നടത്തിയ ചർച്ചകളിലും സ്ത്രീകളുടെ സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തിൽ താലിബാൻ അയഞ്ഞിട്ടില്ല. ഇതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെ നടക്കുന്ന ബോംബ് സ്‌ഫോടനങ്ങളും തുടരുകയാണ്. ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുന്ന ഭീകരതയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ നയങ്ങൾ ഏറെ പ്രസക്തമാവുന്നത്.