ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. എന്തുവിലകൊടുത്തും ജമ്മുകശ്മീരിലെ ഭീകരരെ ഇല്ലാതാക്കുമെന്നും രജൗരിയിലെ സൈനികരുടെ ബലിദാനം വ്യർത്ഥമാകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്നലെ രജൗരിയിലെ വനമേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ഒരു ജൂനിയർ കമ്മീഷന്റ് ഓഫീസറടക്കം അഞ്ച് സൈനികർ വീരമൃത്യുവരിച്ചത്. നുഴഞ്ഞു കയറ്റത്തിനെതിരെ ശക്തമായ റെയ്ഡുകൾ തുടരുന്നതിനിടെയാണ് സൈനികർ വധിക്കപ്പെട്ടത്. ജമ്മുകശ്മീരിലെ ജനജീവിതം തികച്ചും സമാധാനപരമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഇത് സഹിക്കാൻ പറ്റാത്തവരാണ് ഭീകരാക്രമണം നടത്തുന്നത്. അവരെ സഹായിക്കുന്നവരാണ് കേന്ദ്രസർക്കാറിനെ വിമർശിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

ജമ്മുകശ്മീരിലെ ജനങ്ങൾ ഒറ്റക്കെട്ടാണ്. മുൻകാലങ്ങളിലെ പോലെ ജനങ്ങളെ വിഭജിക്കാമെന്ന മോഹം ആർക്കും വേണ്ടെന്നും അനുരാഗ് പറഞ്ഞു. ജമ്മുകശ്മീർ വികസനത്തിന്റെ പാതയിലാണ്. ഭീകരത എന്താണെന്നും  ആരാണ് ഭീകരരെ വളർത്തുന്നതെന്നും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിർത്തി സംരക്ഷിക്കുന്ന സൈനികർക്ക് ജനങ്ങളുടേയും രാജ്യത്തിന്റേയും പൂർണ്ണപിന്തുണയുണ്ടെന്നും അനുരാഗ് കൂട്ടിച്ചേർത്തു.