ദില്ലി; രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം 100 കോടിയിലേക്ക് അടുക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഈ നേട്ടം രാജ്യത്തിന് അഭിമാനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 95 കോടിയിലധികം ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 18 വയസ്സിന് മുകളിലുള്ള 73 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ഡോസുകളും അതിവേഗം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ 46,57,679 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 95 കോടി (95,19,84,373)പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . 92,57,689 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,563 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,32,93,478 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.00 ശതമാനമാണ്. രോഗമുക്തി നിരക്ക് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ്.

തുടര്‍ച്ചയായ 106 -ാം ദിവസവും 50,000-ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,132 പേര്‍ക്കാണ്.215 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍.

നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 2,27,347 പേരാണ്.കഴിഞ്ഞ 209 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.67 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,35,797 പരിശോധനകള്‍ നടത്തി. ആകെ 58.36 കോടിയിലേറെ (58,36,31,490 ) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 1.53 ശതമാനമാണ്. കഴിഞ്ഞ 108 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്.