തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് 81 വിദേശയാത്രകള്‍. കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം സ്വരൂപിച്ച രേഖകളിലാണ് വിദേശയാത്രകളുടെ കണക്ക് പുറത്തുവന്നത്. പക്ഷേ, എത്ര പണം ചെലവായെന്ന ചോദ്യത്തിന് മറുപടിയില്ല. ഏറ്റവും കൂടുതല്‍ തവണ വിദേശത്തേക്ക് പോയത് മുഖ്യമന്ത്രിയാണെന്ന് വിവരാവകാശനിയമപ്രകാരമുള്ള രേഖകള്‍ വ്യക്തമാക്കുന്നു. പതിനാലു തവണ. ഓരോ യാത്രയിലും കൂടെയുണ്ടായിരുന്നത് ഭാര്യ ഉള്‍പ്പെടെ നിരവധി പേരാണെന്നും രേഖയില്‍ പറയുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതിമൂന്നു തവണ വിദേശത്തേയ്ക്കു പോയി. മറ്റു മന്ത്രിമാരെല്ലാം, പത്തില്‍ താഴെ തവണ മാത്രമാണ് വിദേശയാത്ര നടത്തിയത്. കൂടുതലും ഔദ്യോഗിക യാത്രകളാണ്. വിദേശയാത്രകളുടെ ചെലവ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. വിവരാകാശ കമ്മിഷണര്‍ക്കു പരാതി നല്‍കുമെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജെ കോടങ്കണ്ടത്ത് പറഞ്ഞു. വിദേശയാത്രകളുടെ കണക്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു കത്തെഴുതിയിട്ടുണ്ട്.