അഹമ്മദാബാദ് : ഗോശാലയ്‌ക്ക് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ നിറഞ്ഞ മനസ്സോടെ നെഞ്ചിലേറ്റി ഗുജറാത്ത് ജനതയും , ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘാവിയും . പത്ത് മാസം പ്രായമുള്ള ശിവാന്‍ഷിനെയാണ് ഗാന്ധിനഗറിനടുത്തുള്ള പേതാപ്പൂരിലെ സ്വാമിനാരായണ്‍ ഗോശാലയില്‍ ഉപേക്ഷിച്ചത് .

വെള്ളിയാഴ്ച രാത്രി 9.20 ഓടെ കുട്ടിയെ കാറില്‍ വന്ന ഒരാള്‍ ഗൗശാലയുടെ ഗേറ്റിനകത്ത് ഉപേക്ഷിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു . തുടര്‍ന്ന് അവര്‍ കൗണ്‍സിലറായ ദീപ്തി പട്ടേലിനെയും പോലീസിനെയും വിവരമറിയിച്ചു . പോലീസെത്തിയാണ് കുഞ്ഞിനെ വൈദ്യപരിശോധനയ്‌ക്കായി ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചത് .

കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ ഗാന്ധിനഗര്‍ പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത് . പതിനാല് സംഘങ്ങള്‍ രൂപീകരിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു . വീടുതോറുമുള്ള സര്‍വ്വേയും പോലീസ് നടത്തി . 20 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ പോലീസ് തിരിച്ചറിഞ്ഞതോടെയാണ് ആദ്യ സൂചന ലഭിച്ചത്.

ഗാന്ധിനഗര്‍ നഗരത്തിലെ സെക്ടര്‍ -26-ല്‍ താമസിക്കുന്ന സച്ചിന്‍ ദീക്ഷിതാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . . വഡോദര ആസ്ഥാനമായുള്ള ‘ഓസോണ്‍’ എന്ന കമ്ബനിയില്‍ ജോലി ചെയ്യുന്ന സച്ചിന്റെ ഭാര്യയ്‌ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞാണിതെന്നാണ് പോലീസ് പറയുന്നത് .

സച്ചിന്‍ ദീക്ഷിതിന്റെ ഗാന്ധിനഗറിലെ വസതിയില്‍ പോലീസ് എത്തിയപ്പോള്‍, വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നു. സച്ചിന്‍ ദീക്ഷിത് രാജസ്ഥാനിലേയ്‌ക്ക് പോയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യും .

അതേ സമയം കുഞ്ഞിനെ കാണാന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘാവി അടക്കമുള്ളവര്‍ പോലീസ് സ്റ്റേഷനിലെത്തി . കുഞ്ഞുമായുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചു . കുഞ്ഞിനെ ദത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ദിവസം കൊണ്ട് തന്നെ 190 ലധികം ദമ്ബതികളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചതായും ഹര്‍ഷ് സംഘാവി അറിയിച്ചു.