തിരുവനന്തപുരം: ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം. മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യകേന്ദ്രം മതല്‍ ലഭ്യമാക്കാന്‍ കേരളം പരിശ്രമിക്കുകയാണ്. സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും 291 മാനസികാരോഗ്യ ക്ലിനിക്കുകളാണ് മാസം തോറും പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ ആര്‍ദ്രം മിഷന്റെ ഭാഗമായി സമ്ബൂര്‍ണ മാനസികാരോഗ്യം, ആശ്വാസം, അമ്മ മനസ്, ജീവരക്ഷ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

അതേസമയം മലയാളികള്‍ തമാശയായി കണ്ട് ഭ്രാന്താശുപത്രി എന്നു വിളിച്ച ഊളമ്ബാറ ‘മനോരോഗാശുപത്രി’ മാനസികാരോഗ്യ കേന്ദ്രമായി വികസിച്ചിട്ട് 151 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. വര്‍ഷങ്ങളോളം നീണ്ട സാമൂഹിക ജാഗ്രതയും കോടതി ഇടപെടലുകളും മാറിമാറി വന്ന സര്‍ക്കാരുകളുമാണ് ഇന്ന് കാണുന്ന ആശുപത്രിയായി ഉയര്‍ത്തിയെടുത്തത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ ആണ് 1870ല്‍ ഈ ചികിത്സാകേന്ദ്രം സ്ഥാപിച്ചത്. ആദ്യകാലത്ത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു മാനസികരോഗം, കുഷ്ഠരോഗം, ക്ഷയം എന്നിവയ്ക്കായി കേന്ദ്രം ആരംഭിച്ചത്. കാലക്രമേണ ക്ഷയരോഗ ആശുപത്രി തിരുവനന്തപുരത്ത് തന്നെ പുലയനാര്‍ കോട്ടയിലേക്കും കുഷ്ഠരോഗ ആശുപത്രി ആലപ്പുഴ ജില്ലയിലെ നൂറനാട്ടേക്കും മാറ്റി. മനോരോഗത്തിന് ചികിത്സയ്ക്കായി പേരൂര്‍ക്കടയിലെ ഊളമ്ബാറ എന്ന സ്ഥലവും തിരഞ്ഞെടുത്തു. 1984ല്‍ മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്ന പേര് സ്വീകരിച്ചു.

ആദ്യകാലങ്ങളില്‍ രോഗികളെ കെട്ടിയിടുക, ക്രൂരമായി മര്‍ദ്ദിക്കുക തുടങ്ങിയ പ്രവണത ഊളമ്ബാറയിലും ഉണ്ടായിരുന്നു. 1983ലെ മദര്‍ തെരേസയുടെ സന്ദര്‍ശനം ഈ സ്ഥാപനത്തിന്റെ മാറ്റത്തില്‍ ഒരു നാഴികക്കല്ലു തന്നെയായി മാറി. 36 ഏക്കര്‍ സ്ഥലത്താണ് മാനസികാരോഗ്യ കേന്ദ്രം. രോഗികളുടെ പുനരധിവാസത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നെയ്ത്ത് യൂണിറ്റ്, മെഡിസിന്‍ കവര്‍ മേക്കിംഗ് യൂണിറ്റ്, ലോഷന്‍ മേക്കിംഗ് യൂണിറ്റ്, ബുക്ക് ബൈന്റിംഗ് യൂണിറ്റ്, മെഴുകുതിരി നിര്‍മ്മാണം, കുട നിര്‍മ്മാണം, അഗര്‍ബത്തി നിര്‍മ്മാണം, ബ്രഡ് നിര്‍മ്മാണം, തുടങ്ങിയവയും നടത്തുന്നു.

ഈ കേന്ദ്രം ഇന്ന് അറിയപ്പെടുന്ന മാനസികാരോഗ്യ ചികിത്സാ കേന്ദ്രവും പഠന-ഗവേഷണ കേന്ദ്രവുമാണ്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ നിന്നും കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ നിന്നുമാണ് ഇവിടെ ചികിത്സ തേടി കൂടുതലാളുകള്‍ എത്തുന്നത്.