തുടര്‍ച്ചയായി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 56 കാരന്റെ ഹൃദയത്തില്‍ നിന്നും കണ്ടെത്തിയത് നാലിഞ്ച് നീളം വരുന്ന സിമന്റ് കഷണം. പിയര്‍ റിവ്യൂഡ് മെഡിക്കല്‍ ജേണലിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌ കൈഫോപ്ലാസ്റ്റി എന്നറിയപ്പെടുന്ന നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടര്‍ന്നാണ് നെഞ്ചുവേദനയ്ക്ക് കാരണമായ സിമന്റ് കഷണം ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എത്തിയത്.

നട്ടെല്ലിനുണ്ടാകുന്ന വേദന ഒഴിവാക്കാനും ഒടിഞ്ഞ കശേരുക്കളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും മികച്ച മാര്‍ഗമാണ് കൈഫോപ്ലാസ്റ്റി എന്നറിയപ്പെടുന്ന നട്ടെല്ല് ശസ്ത്രക്രിയ. സാധാരണ ചികിത്സയേക്കാള്‍ ഫലപ്രദമാണ് കൈഫോപ്ലാസ്റ്റി.

ഈ സംഭവത്തിന് ഒരാഴ്ച മുമ്ബ് കൈഫോപ്ലാസ്റ്റി എന്ന നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് രോഗി വിധേയനായിരുന്നു. ഈ ശസ്ത്രക്രിയയില്‍, കേടായ കശേരുക്കളില്‍ ഒരു പ്രത്യേക മെഡിക്കല്‍ സിമന്റ് കുത്തിവച്ചാണ് ഡോക്ടര്‍മാര്‍ നട്ടെല്ലിനെ സംരക്ഷിക്കുന്നത്. കൈഫോപ്ലാസ്റ്റി സമയത്ത് കുത്തിവെച്ച സിമന്റ് രോഗിയുടെ ശരീരത്തില്‍ നിന്നും ചോര്‍ന്ന് ഹൃദയത്തിലേക്ക് ഒട്ടിച്ചേരുകയായിരുന്നു. ഇത് പിന്നീട് നെഞ്ചുവേദനയുണ്ടാക്കുകയും ചെയ്തു എന്ന് മെഡിക്കല്‍ ജേണലിലെ റിപ്പോര്‍ട്ട് പറയുന്നു.

തുടര്‍ച്ചയായി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയെ ഡോക്ടമാര്‍ പരിശോധിച്ചപ്പോഴാണ് സിമന്റ് ഉറച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് നാല് ഇഞ്ച് ഉള്ള സിമന്റ് കഷണം നീക്കം ചെയ്തു.

ഒരു വ്യക്തിയുടെ നട്ടെല്ലിന്റെ കശേരുക്കളില്‍ ഉണ്ടാകുന്ന കംപ്രഷന്‍ ഫ്രാക്ചര്‍ പരിഹരിക്കുന്നതിനുള്ള നടപടിക്രമാണ് കൈഫോപ്ലാസ്റ്റി. കംപ്രഷന്‍ ഫ്രാക്ചര്‍ ഉണ്ടാകുന്നത് അസാധാരണമല്ല. നിങ്ങളുടെ നട്ടെല്ല് രൂപപ്പെടുത്തുന്നതിന് ഒന്നിനു മുകളില്‍ മറ്റൊന്നായി അടുക്കി വച്ചിരിക്കുന്ന അസ്ഥികളാണ് വെര്‍ട്ടെബ്രല്‍ ബോഡികള്‍. നിങ്ങള്‍ ദിവസവും നില്‍ക്കുമ്ബോഴും നടക്കുമ്ബോഴും നിങ്ങളുടെ നട്ടെല്ലിന് ശരീരത്തെ പിന്തുണയ്ക്കുന്നതിനായി ധാരാളം ശക്തി ആവശ്യമായി വരുന്നു. കംപ്രഷന്‍ ഫ്രാക്ചര്‍ സംഭവിക്കുന്നത് ഒരു വെര്‍ട്ടെബ്രല്‍ ബോഡി തകരുമ്ബോഴാണ്. അത്തരം ഒടിവ് പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ആണ് കൈഫോപ്ലാസ്റ്റി. അതില്‍ വെര്‍ട്ടെബ്രല്‍ ബോഡിയിലേക്ക് വീണ്ടും വോളിയം ചേര്‍ക്കുന്നതിന് ചില പോളിമെഥൈല്‍മെത്തക്രൈലേറ്റ് മെഡിക്കല്‍ സിമന്റ് കുത്തിവയ്ക്കുന്നു.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്‌, ഈ വ്യക്തി കൈഫോപ്ലാസ്റ്റി ചെയ്തതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുകയായിരുന്നു. സിടി സ്കാനിലൂടെ നെഞ്ചുവേദനയുടെ കാരണം കണ്ടെത്തുകയും അത് നീക്കുകയും ചെയ്തു. നേര്‍ത്ത, മൂര്‍ച്ചയുള്ള, നാല് ഇഞ്ച് സിമന്റ് കഷണമാണ് പുറത്തെടുത്തത്. ഇത് രോഗിയുടെ ഹൃദയത്തിനു മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

സിമന്റ് ഹൃദയത്തിന്റെ മുകള്‍ ഭാഗത്തെ വലത് അറയിലും വലത് ശ്വാസകോശത്തിലും തുളച്ചുകയറിയതായി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗേബ് വെയ്‌നിംഗര്‍, ജോണ്‍ എ. എലിഫ്റ്റീരിയേഡ്സ് പറഞ്ഞു. വളരെ അസാധാരണമായ സംഭവമാണ് ഇതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടകള്‍ ഒന്നും തന്നെ ഇല്ല എന്ന് ഒക്ടോബര്‍ 2ന് പ്രസിദ്ധീകരിച്ച മെഡിക്കല്‍ ജേണലിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൈഫോപ്ലാസ്റ്റിക്ക് ശേഷം, സിമന്‍റ് ചോര്‍ച്ച സംഭവിക്കാം, എന്നിരുന്നാലും, ഇത് വളരെ അപൂര്‍വമായ ഒരു കേസാണ്