കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മൂന്ന് പ്രതികൾ എൻഐഎ കസ്റ്റഡിയിൽ. കേസിലെ മുഖ്യപ്രതി സരിത്ത്, കെ ടി റമീസ്, എം എം ജലാൽ എന്നിവരെയാണ് എൻഐഎ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.

അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായർ എൻഫോഴ്‌സ്‌മെന്റിന് നൽകിയ നിർണായക വിവരങ്ങൾ പുറത്തു വന്നു. നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയാൽ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ബുദ്ധി ഉപദേശിച്ചത് സ്വപ്‌നാ സുരേഷാണെന്ന് സന്ദീപ് നായർ മൊഴി നൽകി. കോൺസുൽ ജനറലിന് ബിസിനസിനും വീടു വെയ്ക്കാനും പണം വേണമെന്ന് സ്വപ്‌ന പറഞ്ഞെന്നും എൻഫോഴ്‌സ്‌മെന്റിനോട് സന്ദീപ് വിശദീകരിച്ചു.

സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും കെടി റമീസാണ് കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ സ്വർണ്ണം കൊണ്ടു വരാൻ കഴിയുമോയെന്ന് ചോദിച്ച് തന്നെ സമീപിക്കുന്നതെന്നും സന്ദീപ് പറഞ്ഞു. രണ്ടു തവണ സ്വർണ്ണക്കടത്തിന് ട്രയൽ നടത്തിയിട്ടുണ്ടെന്നും കുറഞ്ഞത് പത്ത് കിലോ ഓരോതവണയും അയക്കാൻ സ്വപ്‌ന നിർദ്ദേശിച്ചിരുന്നുവെന്നും സന്ദീപ് മൊഴിയിൽ വിശദീകരിക്കുന്നു.