ന്യൂഡല്‍ഹി : ആറ് ദശകങ്ങള്‍ക്ക് ശേഷമുള്ള എയര്‍ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തന്‍ ടാറ്റ. എയര്‍ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കമ്ബനി പുനര്‍ഃനിര്‍മ്മിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ജെ.ആര്‍.ഡി ടാറ്റയും പണ്ടത്തെ ക്രൂവും ഇറങ്ങി വരുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

എയര്‍ ഇന്ത്യയെ വീണ്ടും ഉന്നതിയില്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഇത് ടാറ്റ ഗ്രൂപ്പിന് പുതിയ അവസങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയിലൂടെ ടാറ്റ ഗ്രൂപ്പിന് വ്യോമയാന മേഖലയില്‍ പുതിയ ഉയരങ്ങള്‍ തൊടാന്‍ സാധിക്കും.

ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാന കമ്ബനി എന്ന ആദരവ് നേടിയിരുന്നു. ആ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള അവസരമാണ് ഇപ്പോള്‍ ടാറ്റയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ജെ.ആര്‍.ഡി ടാറ്റ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് വലിയ സന്തോഷമായേനെ എന്നും രത്തന്‍ ടാറ്റ പറഞ്ഞു.

കമ്ബനികളുടെ സ്വകാര്യവത്ക്കരണം നടത്താന്‍ തീരുമാനിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന് നന്ദിയറിയിക്കുന്നതായും രത്തന്‍ ടാറ്റ വ്യക്തമാക്കി.