തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയിലെ ക്രമക്കേട് കണ്ടെത്തിയെന്ന് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കെഎസ്‌എഫ്‌ഇ ചിട്ടിയില്‍ അഞ്ച് ക്രമക്കേടുകള്‍ നടക്കുന്നതായാണ് വിജിലന്‍സിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയത്. ഇതില്‍ ഏതെങ്കിലും ഒന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം രേഖമൂലം വിജിലന്‍സ് ഡയറക്ടറേറ്റിനെ അറിയിക്കണം. ഇങ്ങനെ 35 ശാഖകളില്‍ ക്രമക്കേട് ഉണ്ടെന്നാണ് വിജിലന്‍സ് പ്രാഥമികറിപ്പോര്‍ട്ട്. എന്നാല്‍ എസ്പിമാരുടെ വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്ക് ശേഷമേ നല്‍കുവെന്നാണ് വിവരം.

അതേസമയം, കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. അതുവരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃതലത്തിലെ ധാരണ. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ ഇന്നോ നാളെയോ ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിവാദം പരിശോധിച്ചേക്കും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിനേയും പാര്‍ട്ടിയേയും കെഎസ്‌എഫ്‌ഇയിലെ പരിശോധന കൂടുതല്‍ പ്രതിരോധത്തിലാക്കി. പരിശോധന നടന്ന രീതിയിലെ അസ്വാഭാവികതകളാണ് സിപിഐഎമ്മിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. സാധാരണ വിജിലന്‍സ് റെയ്ഡുകള്‍ക്കൊടുവില്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ല.