നാഗരിക ജീവിതം ഉപേക്ഷിച്ച്‌ കാനന ജീവിത്തിലേക്കിറങ്ങിയ മനുഷ്യന്‍. കെട്ടുകഥയോ മുത്തശ്ശിക്കഥയോ ഒന്നുമല്ല ഇത്. ചന്ദ്രശേഖര്‍ എന്ന കര്‍ണാടകക്കാരന്റെ ജീവിതമാണ്. ദക്ഷിണ കര്‍ണാടകയിലെ സുള്ള്യ താലൂക്കിലെ അറന്തോടിനടുത്തുള്ള അഡലേ, നെക്കരെ എന്നീ ഗ്രാമങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇടതൂര്‍ന്ന വനമേഖലയിലാണ് 56 വയസ്സുള്ള ചന്ദ്രശേഖര്‍ താമസിക്കുന്നത്.

ചന്ദ്രശേഖറിന്റെ വാസസ്ഥലത്ത് എത്തിച്ചേരുക എന്നത് നാഗരിക മനുഷ്യനെ സംബന്ധിച്ച്‌ അല്‍പ്പം ബുദ്ധിമുട്ടാണ്. അഡലേ, നെക്കരെ എന്നീ ഗ്രാമങ്ങള്‍ക്കിടയിലുള്ള ഇടതൂര്‍ന്ന വനമേഖലയിലൂടെ 3-4 കിലോമീറ്റര്‍ നടക്കണം. നടത്തിനൊടുവില്‍ മുളയില്‍ തൂക്കിയ ചെറിയ പ്ലാസ്റ്റിക് ഷീറ്റ് ദൃശ്യമാകും. അവിടെ വളരെ പഴയ വെളുത്ത അംബാസഡര്‍ കാറും കാറിന്റെ ബോണറ്റില്‍ ഒരു പഴയ റേഡിയോയും കാണാം. അതിനടുത്തായി അയാള്‍ ഉണ്ടാകും. താടിയും മുടിയും നീട്ടി പഴകിയ വസ്ത്രങ്ങളും ധരിച്ച്‌ മെലിഞ്ഞുണങ്ങിയ പ്രകൃതനായ മനുഷ്യന്‍ ചന്ദ്രശേഖര്‍.

ഒരു സിനിമാക്കഥയെ വെല്ലുന്നതാണ് ചന്ദ്രശേഖറിന്റെ ജീവിതം. നെക്രാല്‍ കെമ്രാജെ എന്ന ഗ്രാമത്തില്‍ 1.5 ഏക്കര്‍ കൃഷിയിടം ഉണ്ടായിരുന്നു ചന്ദ്രശേഖറിന്. കൃഷി ചെയ്ത് വളരെ സമാധാനപരമായി ജീവിതം നയിക്കുകയായിരുന്ന അദ്ദേഹത്തിന് 2003-ല്‍ ഒരു സഹകരണ ബാങ്കില്‍ നിന്ന് 40,000 രൂപ വായ്പ എടുക്കേണ്ടതായി വന്നു. പിന്നീട് എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന് വായ്പ പൂര്‍ണമായി തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചന്ദ്രശേഖറിന്റെ കൃഷിസ്ഥലവും വീടും ബാങ്ക് ജപ്തി ചെയ്യുകയും തുടര്‍ന്ന് ലേലം ചെയ്യുകയുമുണ്ടായി. ചന്ദ്രശേഖര്‍ തന്റെ അവസാന സമ്ബാദ്യമായ അംബാസഡര്‍ കാറെടുത്ത് അഡാലിലെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം സഹോദരിയുടെ കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചു. അതിന് അയാള്‍ തിരഞ്ഞെടുത്ത സ്ഥലമായിരുന്നു ആ കാട്. വണ്ടിയെടുത്ത് കാടിനുള്ളിലേക്ക് പ്രവേശിച്ചശേഷം തന്റെ പ്രിയപ്പെട്ട കാര്‍ കാട്ടില്‍ പാര്‍ക്ക് ചെയ്തു. മഴയില്‍ നിന്നും വെയിലില്‍ നിന്നും കാറിനെ സംരക്ഷിക്കാന്‍ അയാള്‍ മുകളില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റും വെച്ചു.

17 വര്‍ഷമായി ചന്ദ്രശേഖര്‍ കാട്ടിനുള്ളിലെ തന്റെ ഏകാന്ത ജീവിതം ആരംഭിച്ചിട്ട്. എന്നാല്‍ ഒരു ഒളിച്ചോട്ടമല്ല അദ്ദേഹം നടത്തിയത്. മറിച്ച്‌ ജീവിതത്തോട് ഇന്നും പോരാടിക്കൊണ്ടിരിക്കുകയാണ് ആ ധീരനായ മനുഷ്യന്‍. കാട്ടിലെ നദികളിലാണ് ഇദ്ദേഹം കുളിക്കു. ചുറ്റുമുള്ള ഉണങ്ങിയ വള്ളികള്‍ ഉപയോഗിച്ച്‌ കൊട്ടകള്‍ നെയ്യുന്നു. അത് അഡലെ ഗ്രാമത്തിലെ ഒരു കടയില്‍ വില്‍ക്കുകയും പകരം അരിയും പഞ്ചസാരയും മറ്റ് പലചരക്ക് സാധനങ്ങളും വാങ്ങുകയും ചെയ്യുന്നു. തന്റെ ഭൂമി തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏക ലക്ഷ്യം. അതിനായി അദ്ദേഹം ഇന്നും അതിന്റെ എല്ലാ രേഖകളും കാട്ടിനുള്ളില്‍പോലും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്.

അംബാസഡര്‍ കാറല്ലാതെ വളരെ പഴയ ഒരു സൈക്കിളും ചന്ദ്രശേഖറിന്റെ പക്കലുണ്ട്. സമീപ ഗ്രാമത്തിലേക്ക് പോകാനും വരാനും സൈക്കിളാണ് അദ്ദേഹം ഉപയോഗിക്കുക. കൂടാതെ ഒരു റേഡിയോയും അദ്ദേഹത്തിന്റെ കൂടെയുണ്ട്. ഹിന്ദി ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ചന്ദ്രശേഖര്‍ റേഡിയോയില്‍ ആകാശവാണി മംഗലാപുരം സ്റ്റേഷന്‍ കേട്ടിരിക്കാറുണ്ട്.

കാട്ടാനകളും പലതവണ ചന്ദ്രശേഖറിന്റെ വാസസ്ഥലത്ത് എത്തിനോക്കാറുണ്ട്. മാത്രമല്ല, കാട്ടുപന്നി, ഉറുമ്ബുകള്‍, പുള്ളിപ്പുലി, കാട്ടുപോത്ത് എന്നിവയും ഇവിടെ പതിവാണ്. ചുറ്റും പാമ്ബുകള്‍ ഇഴഞ്ഞു കൊണ്ടിരിക്കുന്ന ഇവിടെ നിന്നും വിട്ടുപോകാന്‍ ഇന്നയാള്‍ വിസമ്മതിക്കുന്നു. അദ്ദേഹം ഒരിക്കലും കാട്ടില്‍ നിന്നുള്ള വിഭവങ്ങളെ കൊള്ളയടിക്കുകയോ കാട്ടു മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ വനം വകുപ്പിന് അദ്ദേഹം അവിടെ താമസിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. ‘ഒരു ചെറിയ കുറ്റിച്ചെടി പോലും ഞാന്‍ മുറിച്ചാല്‍ വനംവകുപ്പിന് എന്നിലുള്ള വിശ്വാസം നഷ്ടപ്പെടും’,ചന്ദ്രശേഖര്‍ പറയുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്ബ് ചന്ദ്രശേഖറിന്റെ ഏകാന്ത ജീവിതത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ എബി ഇബ്രാഹിം എന്ന ജില്ലാ കളക്ടര്‍ കാട്ടിലെത്തി ചന്ദ്രശേഖറിന്റെ അംബാസഡര്‍ വാസസ്ഥലം സന്ദര്‍ശിക്കുകയും അദ്ദേഹത്തിനു താമസിക്കാന്‍ വീട് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ആധാര്‍ കാര്‍ഡില്ലെങ്കിലും ആറന്‍തോട് ഗ്രാമപ്പഞ്ചായത്തിലെത്തി അദ്ദേഹം കോവിഡ് -19 വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ലോക്ക്ഡൗണ്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആ സമയത്ത് അദ്ദേഹം ആഴ്ചകളോളം കാട്ടുപഴങ്ങള്‍ മാത്രം കഴിച്ച്‌ വെള്ളം കുടിച്ച്‌ ജീവിച്ചു. നീണ്ട 17 വര്‍ഷങ്ങള്‍ ഈ ജീവിതം നയിച്ചിട്ടും, ചന്ദ്രശേഖര്‍ ഇപ്പോഴും തന്റെ കൃഷി സ്ഥലം തിരിച്ചുവാങ്ങുന്നതും അംബാസഡറില്‍ വീട്ടിലേക്ക് പോകുന്നതും സ്വപ്നം കാണുന്നു.