ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ പത്തു മാസത്തിനിടെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഓക്സിജന്റെ ആവശ്യം ആശുപത്രികളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുവരെയും രാജ്യത്ത് ഓക്സിജന്റെ അഭാവം ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് പ്രതിദിനം ശരാശരി 2,397 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെന്നും 15,282 മെട്രിക് ടൺ ഓക്സിജൻ ഇനിയും സ്റ്റോക്കുണ്ട്. സെപ്റ്റംബറോടെ ഓക്സിജൻറെ ദിനപ്രതിയുള്ള ഉൽപാദന ശേഷി 6,862 മെട്രിക് ടണ്ണായി ഉയർത്തിയിരുന്നു. ഒക്ടോബർ അവസാനത്തോടെ ഇത് 7,191 മെട്രിക് ടണ്ണായി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.

അതെസമയം രാജ്യത്ത് രണ്ട് ഘട്ടമായി ഓക്സിജൻ ഉൽപാദന പ്ലാന്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ആദ്യഘട്ടത്തിൽ രാജ്യത്തെ പത്തിനെട്ട് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും 246 ഓക്സിജൻ ഉത്പാദന പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ 150 പ്ലാന്റ് കൂടി സ്ഥാപിക്കുകയാണ് ഇപ്പോഴത്തെ ദൗത്യമെന്നും ഭൂഷൺ വ്യക്തമാക്കി.