തിരുവനന്തപുരം: കിഫ്​ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ ധനമന്ത്രി തോമസ്​ ഐസക്ക് സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്​ മുമ്ബാകെ​ വിശദീകരണം നല്‍കി. അവസരം തന്നാല്‍ കൂടുതല്‍ വിശദീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്​പീക്കര്‍ എന്ത്​ തീരുമാനമെടുത്താലും അംഗീകരിക്കും​. എത്തിക്​സ്​ കമ്മിറ്റിക്ക്​ മുന്നില്‍ വിശദീകരണം നല്‍കാനും തയാറാണ്​. സി.എ.ജി നടത്തിയത്​ നിയമസഭ അവകാശ ലംഘനമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങളിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍.

പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ്​ ധനമന്ത്രിയോട് സ്പീക്കര്‍ വിശദീകരണം ആവശ്യപ്പെട്ടത്​. മറുപടി ലഭിച്ചതിനാല്‍ ഇനി തുടര്‍നടപടി സ്വീകരിക്കുമെന്നാണ്​ സൂചന. അവകാശലംഘനമെന്ന പ്രതിപക്ഷ വാദം സ്പീക്കര്‍ അംഗീകരിച്ചാല്‍ സര്‍ക്കാറിന് തിരിച്ചടിയാകും.