ഹരിപ്പാട് :കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട്ട് സ്കൂള്‍ കുട്ടികളുമായി സംവദിച്ച ചടങ്ങിലാണ് ചെന്നിത്തല തന്റെ മനസ് തുറന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും താന്‍ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്നുംഅദ്ദേഹം പറഞ്ഞു.

‘കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചയാളാണ് താന്‍. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കല്‍ ആ ലക്ഷ്യം താന്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേരിട്ട പരാജയത്തിന് പിന്നാലെ രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കേരളത്തിലെ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിനൊടുവില്‍ കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനെയും പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും നിയമിക്കുകയായിരുന്നു.