ഇടുക്കി: ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളും സ്വകാര്യ കോളേജുകളും നാളെ തുറക്കുകയാണ്. രക്ഷിതാക്കളും വിവിധ സംഘടനപ്രവര്‍ത്തകരും കോളേജ് കെട്ടിവും ക്ലാസ് മുറികളും വ്യത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചും ഇത്തരം വ്യത്തിയാക്കല്‍ നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സേവകരും നടത്തി.

എന്നാല്‍ മൂന്നാറിലെ സര്‍ക്കാര്‍ കോളേജുകള്‍ നാളെ തുറക്കില്ല. കോവിഡ് മൂലം മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിലെ ജീവനക്കാരന്‍ മരണപ്പെട്ടതാണ് മൂന്നാര്‍ ആര്‍ട്‌സ് കോളേജും എഞ്ചിനിയറിംങ്ങ് കോളേജും തുറക്കാന്‍ കാലതാമസം നേരിടാന്‍ കാരണം. നാളെ കോളേജ് പൂര്‍ണ്ണമായി അണുവിമുക്തമാക്കിയശേഷമായിരിക്കും കോളേജ് തുറക്കുക.

മൂന്നാര്‍ ആര്ടസ് കോളേജിനായി സമീപത്തെ ബഡ്‌ജെറ്റ് ഹോട്ടല്‍ സര്‍ക്കാര്‍ അനുവധിച്ചെങ്കിലും ഇതിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച പിന്നിടും. 2018-ല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നത്.

വിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തില്‍ സര്‍ക്കാര്‍ എഞ്ചിനിയറിംങ്ങ് കോളേജില്‍ തുടര്‍വിഭ്യാഭ്യാസത്തിന് കുട്ടികള്‍ക്ക് താല്കാലിക സൗകര്യം ഒരുക്കിയെങ്കിലും പോരായ്മകള്‍ ഏറെയായിരുന്നു. മാത്രമല്ല ആര്‍ട്‌സ് കോളേജിന് കെട്ടിടം വിട്ടുകൊടുത്തതോടെ എഞ്ചിനിയറിംങ്ങ് വിദ്യാര്‍ഥികള്‍ക്ക് വര്‍ഷോപ്പ് നടത്തുന്നതിന് മറ്റ് കോളേജുകളെ സമീപിക്കേണ്ട അവസ്ഥയും നേരിട്ടു.