അടിമാലി > ഇടുക്കി ആനച്ചാല്‍ ആമകണ്ടത്ത് ആറുവയസുകാരനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഒന്നാം ക്ലാസുകാരനായ അബ്ദുല്‍ ഫത്താഹ് റൈഹാന്‍ ആണ് കൊല്ലപ്പെട്ടത്. അമ്മയുടെ സഹോദരി ഭര്‍ത്താവ് സുനില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഷാന്‍ മുഹമ്മദാണ് കൃത്യം നടത്തിയത്. കുട്ടിയുടെ മാതാവിനെയും വല്യമ്മയും ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട അബ്ദുല്‍ ഫത്താഹ് റൈഹാനും മാതാവ് സഫിയയും ഒരു വീട്ടിലും അബ്ദുല്‍ ഫത്താഹ് റൈഹാന്റെ സഹോദരി ആശ്മി ഫാത്തിമ റൈഹാനും വല്യമ്മ സൈനബയും തൊട്ടടുത്ത മറ്റൊരു വീട്ടിലും ആയിരുന്നു. മരണപ്പെട്ട കുട്ടിയുടെ സഹോദരി പുലര്‍ച്ചെ അയല്‍ വീടുകളില്‍ എത്തി വിവരമറിയിച്ചപ്പോള്‍ ആണ് കൃത്യം സംബന്ധിച്ച്‌ നാട്ടുകാര്‍ അറിയുന്നത്. കുട്ടി നല്‍കിയ വിവരപ്രകാരം ഷാന്‍ ആദ്യം അബ്ദുല്‍ ഫത്താഹ് റൈഹാനെയും മാതാവ് സഫിയയെയും ആക്രമിച്ചു. ശേഷം തൊട്ടടുത്തുള്ള വല്യമ്മ സൈനബയുടെ വീട്ടിലേക്ക് എത്തി സൈനബയെ ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു.

ആക്രമിക്കപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടു എന്ന നിഗമനത്തിലായിരുന്നു പ്രതി. തുടര്‍ന്ന് വല്യമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന പതിനഞ്ചുകാരിയെ വലിച്ചിഴച്ച്‌ മാതാവിനെയും സഹോദരിയെയും ആക്രമിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു. സമാനമായ രീതിയില്‍ തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ച്‌ പുറത്തേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ കുതറി മാറിയ പെണ്‍കുട്ടി സമീപത്തെ കമ്ബിവേലിക്ക് അപ്പുറത്തേക്ക് എടുത്തുചാടി ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് ആറുമണിയോടെയാണ് സമീപത്തെ വീട്ടിലെത്തി പെണ്‍കുട്ടി സഹായം ചോദിക്കുന്നതും ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്ത് അറിയിച്ചതും.

വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതി ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു, ഇതിന് കാരണം ഭാര്യയുടെ സഹോദരി അടക്കമുള്ള ബന്ധുക്കള്‍ ആണെന്ന സംശയത്തിലാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിക്കാന്‍ ഉണ്ടായ കാരണം എന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്ക് പറ്റിയ സഫിയയെയും മാതാവ് സൈനബയും കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയക്കും. കോട്ടയത്ത് നിന്നുള്ള ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.