ആലപ്പുഴ :അനധികൃതമായി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്ന 125 ചാക്ക് കുത്തരിയും ലോറിയും പൊലീസ് പിടിച്ചെടുത്തു.റേഷന്‍ അരിയാണെന്നു സംശയിക്കുന്നു . കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ വഴിച്ചേരിയില്‍ പലചരക്ക് കടയില്‍ നിന്നായിരുന്നു സൗത്ത് എസ്‌ഐ റെജി രാജിന്റെ നേതൃത്വത്തില്‍ അരിയും ലോറിയും പിടികൂടിയത്. തുടര്‍ന്നു താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.ദീപയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും റേഷന്‍ അരി ആണെന്ന് സ്ഥിരീകരിക്കാനായില്ല.

പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച അരിയുടെ ബില്ല് കടയുടമ ഹാജരാക്കി. എന്നാല്‍ ചാക്കില്‍ ഉണ്ടായിരുന്നത് കുത്തരിയും ബില്ലില്‍ രേഖപ്പെടുത്തിയത് പുഴുക്കലരി എന്നും ആയിരുന്നു. ഇതു സംശയകരമായതിനെ തുടര്‍ന്നാണു അരി ഉള്‍പ്പെടെ ലോറി പൊലീസ് പിടിച്ചെടുത്തത്. കലക്ടറുടെ നിര്‍ദേശം ലഭിച്ചതിനു ശേഷമേ തുടര്‍ നടപടി സ്വീകരിക്കൂ എന്ന് എസ്‌ഐ പറഞ്ഞു. കഴിഞ്ഞ 9 മാസത്തിനുള്ളില്‍ ആലപ്പുഴ നഗരത്തില്‍ മാത്രം ഏഴാം തവണയാണ് അരി കടത്ത് പൊലീസ് പിടികൂടുന്നത്.