കെ.ടി ജലീലിന്‍റെ സമനില തെറ്റിയെന്ന് കെ മുരളീധരന്‍ എം.പി. ജലീലിന്‍റെ വായില്‍ നിന്ന് വരുന്നതിനെ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പന്നങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു. ചേരാത്ത കുപ്പായമാണ് ഇപ്പോള്‍ ജലീല്‍ ധരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്‍റെ ഭാവിയെ ബാധിക്കുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മുരളീധരന്‍റെ മറുപടി. നേരത്തേ ജലീല്‍ നടത്തിയ ആരോപണം തരംതാണുപോയെന്ന വിമര്‍ശനവുമായി എം കെ മുനീറും രംഗത്തെത്തിയിരുന്നു. ജലീല്‍ മരണത്തെപോലും ദുരൂഹമാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു മുനീറിന്‍റെ പ്രതികരണം.

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്‍.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു കെ.ടി.ജലീലിന്‍റെ പ്രസ്താവന. മീഡിയവണ്‍ ചീഫ് എഡിറ്റര്‍ പ്രമോദ് രാമനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജലീലിന്‍റെ ആരോപണം.എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്‍റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നായിരുന്നു ജലീലിന്‍റെ ഗുരുതരമായ ആരോപണം.

തന്‍റെ പേരില്‍ താനറിയാതെ രണ്ടുകോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മൗലവി തളര്‍ന്നുപോയതെന്നും ജലീല്‍ പറഞ്ഞു. തനിക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ തന്‍റെ പേര് ഉള്‍പ്പെട്ടതില്‍ മൗലവിക്ക് അതിയായ മാനസിക പ്രയാസമുണ്ടായിരുന്നെന്നും അതാണ് അദ്ദേഹത്തിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നും ജലീല്‍ പറയുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് അബ്ദുല്‍ ഖാദര്‍ മൗലവി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെടുന്നത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് കണ്ണൂര്‍ താണയിലെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ മൗലവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഐസ് ക്രീം പാര്‍ലര്‍ കേസില്‍ സംഭവിച്ചതുപോലെ എ.ആര്‍.നഗര്‍ ബാങ്ക് കേസിലും ദുരൂഹമരണങ്ങള്‍ ഉണ്ടാകാമെന്ന് ആശങ്കപ്പെടുന്നതായും ജലീല്‍ വ്യക്തമാക്കി. മീഡിയ വണ്‍ ‘എഡിറ്റോറിയല്‍’ അഭിമുഖത്തിലാണ് രാഷ്ട്രീയ കേരളത്തില്‍ കോളിളക്കമുണ്ടാകാന്‍ സാധ്യതയുള്ള ജലീലിന്‍റെ ആരോപണങ്ങള്‍.