മനാമ: ബഹാറൈനിലെ ഇസ്രായേല്‍ എംബസി ഉദ്ഘാടനം ചെയ്ത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യമന്ത്രി യായിര്‍ ലാപിഡും ചേര്‍ന്നാണ് എംബസി ഉദ്ഘാടനം ചെയ്തത്. ഇസ്രായേലും ബഹ്‌റൈനും തമ്മിലുള്ള സഹകരണം ശക്തമായെന്നും എംബസി വഴി കൂടുതല്‍ വിപുലമായ അവസരം ഉണ്ടാകുമെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

ബഹ്‌റൈനിലെ ഇസ്രായേല്‍ അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു. ബഹ്‌റൈന്‍ സന്ദര്‍ശനവേളയില്‍ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യായിര്‍ ലാപിഡ് നന്ദി പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് എക്കാലവും സമാധാനത്തിലും ഐശ്വര്യത്തിലും കഴിയാന്‍ സാധിക്കെട്ടയെന്നും അദ്ദേഹം ആശംസിച്ചു. വിവിധ മേഖലകളിലെ സഹകരണത്തിന് ഒപ്പുവെച്ച ധാരണപത്രങ്ങള്‍ ഉഭയകക്ഷി ബന്ധത്തെ സൗഹൃദ ബന്ധമാക്കി മാറ്റിയതായും ലാപിഡ് പറഞ്ഞു.

ഇസ്രായേലും ബഹ്‌റൈനും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്താനായാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യായിര്‍ ലാപിഡ് ഔദ്യോഗിക സന്ദര്‍ശനത്തിന് ബഹ്‌റൈനില്‍ എത്തിയത്.

ബഹ്‌റൈന്‍ ഭരണാധികാരികളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയില്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലമാക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ഒരു ഇസ്രായേല്‍ മന്ത്രിയുടെ ആദ്യ ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു ശക്തി പകര്‍ന്ന് ഗള്‍ഫ് എയര്‍ ബഹ്‌റൈനില്‍ നിന്ന് ഇസ്രായേലിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ജി.എഫ് 972 വിമാനമാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. ഇസ്രായേലിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഗള്‍ഫ് എയര്‍ നടത്തുക.