കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടുന്ന ഭവാനിപൂരിലെ വോട്ടെണ്ണല്‍ നാല് റൗണ്ട് പൂര്‍ത്തിയായി. പുതിയ റിപ്പോര്‍ട്ട് പ്രകാരം 12,435 വോട്ടിന് മമതാ ബാനര്‍ജി മുന്നേറ്റം തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി.

ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളാണ് മുഖ്യ എതിരാളി. സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസും മല്‍സര രംഗത്തുണ്ട്.

50,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മമത വിജയിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുമ്ബോള്‍, പ്രിയങ്ക ടിബ്രവാള്‍ ‘വളരെ നല്ല പോരാട്ടം’ കാഴ്ച്ചവച്ചുവെന്ന് ബിജെപി അവകാശപ്പെട്ടു.

വോട്ടെണ്ണലിനു ശേഷം സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംരക്ഷണമാവശ്യപ്പെട്ട് കത്തുനല്‍കി. ഭവാനിപൂരില്‍ മമതയുടെ വിജയം ഉറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഭവാനിപൂരിലെ വിജയം അനിവാര്യമാണ്