തിരുവനന്തപുരം: സംസ്ഥാനത്ത് കോവഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട കോളേജുകള്‍ നാളെ തുറക്കും. ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ആരംഭിക്കുന്നത്.

കോളേജുകളില്‍ ഹാജര്‍ നിര്‍ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. ഒന്നരവര്‍ഷമായി വിദ്യാര്‍ഥികളെ സംബന്ധിച്ച്‌ കലാലയജീവിതം എന്നാല്‍ വലിയ നഷ്ടമാണ്. അതിനാല്‍ ഹാജര്‍ നിര്‍ബന്ധമാക്കി ഇല്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ സ്വമേധയാ ക്ലാസ്സുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് കോളജുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ലാസുകള്‍ക്ക് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ എട്ടര മുതല്‍ ഒന്നര വരെ, ഒമ്ബതു മുതല്‍ മൂന്നു വരെ, ഒമ്ബതര മുതല്‍ മൂന്നര വരെ, പത്തുമുതല്‍ നാലു വരെ. ഇവയിലൊന്ന് തെരഞ്ഞെടുക്കാനുള്ള അധികാരം കോളേജ് കൗണ്‍സിലുകള്‍ക്കാണ്.

സൗകര്യമില്ലാത്ത കോളേജുകളില്‍ ബിരുദ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ ക്ലാസ് നടത്തണം. എന്നാല്‍ സൗകര്യമുള്ള കോളേജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലല്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ച്‌ ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് കര്‍ശന നിര്‍ദേശം.

ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് എന്ന കണക്കില്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയാണ് ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്.