ഉത്തരകാശി: ( 03.10.2021) ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ നാവികസേനയിലെ നാല് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ലഫ്റ്റന്റ് കമാന്‍ഡര്‍ രജനീകാന്ത് യാദവ്, ലഫ്റ്റന്റ് കമാന്‍ഡര്‍ യോഗേഷ് തിവാരി, ലഫ്റ്റന്റ് കമാന്‍ഡര്‍ ആനന്ദ് കുക്രേതി, മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ എം സി പി ഒ-2 ഹരി ഓം എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

തൃശൂല്‍ പര്‍വതത്തിന്റെ സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സേനയിലെ ഒരു പര്‍വതാരോഹകനെയും ഒരു പോര്‍ടറെയും കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെ അഞ്ച് പര്‍വതാരോഹകരും ഒരു പോര്‍ടറും അടക്കം ആറു പേരെയാണ് ഹിമപാതത്തില്‍ കാണാതായത്. പര്‍വതാരോഹകരുടെ 20 അംഗ ടീം 15 ദിവസം മുന്‍പാണ് ദൗത്യം തുടങ്ങിയത്. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ 7,100 മീറ്റര്‍ ഉയരമുള്ള തൃശൂല്‍ പര്‍വതത്തിന്റെ മുകളില്‍ പര്‍വതാരോഹകര്‍ എത്താറായപ്പോഴാണ് ഹിമപാതമുണ്ടായത്. ബാഗേശ്വറില്‍ മൂന്ന് ഹിമാലയന്‍ പര്‍വത മുനമ്ബുകള്‍ സംഗമിക്കുന്ന സ്ഥലമാണ് ത്രിശൂല്‍.

അപകടത്തിന് പിന്നാലെ ഇന്‍ഡ്യന്‍ നാവികസേനയുടെ സാഹസിക വിഭാഗം പര്‍വതാരോഹക ഇന്‍സ്റ്റിറ്റിയൂടിനോട് സഹായം തേടി. കാണാതായവര്‍ക്കായി ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റിയൂട് ഓഫ് മൗണ്ടനിയറിങ് പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ബിശന്തിന്റെ നേതൃത്വത്തിലുള്ള റെസ്‌ക്യു സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോശം കാലാവസ്ഥയായതിനാല്‍ ജോഷിമഠില്‍വരെ തിരച്ചില്‍ നടത്താനെ സംഘത്തിന് കഴിഞ്ഞുള്ളൂ. ഇന്‍ഡ്യന്‍ കരസേന, വ്യോമസേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയിലെ അംഗങ്ങള്‍ ഹെലികോപ്റ്ററുമായി സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു.